Site iconSite icon Janayugom Online

സാമ്പത്തിക പ്രതിസന്ധി: പ്രക്ഷോഭം ആളിക്കത്തി; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയിലെ ജനങ്ങള്‍ തെരുവുകളില്‍ പ്രക്ഷോഭത്തിലാണ്. രാജ്യവ്യാപകമായി പ്രക്ഷോഭം ആളിക്കത്തിയതോടെ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോട്ടബായ രാജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ വസതിക്ക് മുമ്പില്‍ കഴിഞ്ഞ ദിവസം നിരവധി ആളുകള്‍ പ്രതിക്ഷേധവുമായി എത്തിയിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ഭരണത്തില്‍ നിന്ന് അവരെ പുറത്താക്കണമെന്നും ആവിശ്യപ്പെട്ടാണ് പ്രക്ഷോഭം ആരംഭിച്ചത്. വിവിധ ഭാഗങ്ങളില്‍ പൊലീസ് കര്‍ഫ്യു ഏര്‍പ്പെടുത്തി.

തെക്കൻ പട്ടണങ്ങളായ ഗാലെ, മാത്തറ, മൊറതുവ എന്നിവിടങ്ങളിലും സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ നടന്നു, വടക്കൻ, മധ്യ മേഖലകളിൽ സമാനമായ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രധാന റോഡുകളിൽ എല്ലാം ഗതാഗതം തടസ്സപ്പെട്ടു. രോക്ഷാകുലരായ ജനങ്ങള്‍ ആക്രമണസക്തരായി തെരുവുകളില്‍ ഇറങ്ങിയത്. രണ്ട് സൈനിക ബസുകൾ, ഒരു പൊലീസ് ജീപ്പ്, രണ്ട് പട്രോൾ മോട്ടോർസൈക്കിളുകൾ, ഒരു മുച്ചക്ര വാഹനം എന്നിവ കത്തിച്ചു. ഉദ്യോഗസ്ഥർക്ക് നേരെ ഇഷ്ടികകളും എറിഞ്ഞതോടെ സ്ഥിതിഗതികള്‍ ഏറെ വഷളാവുകയായിരുന്നു.

അതേസമയം പ്രതിഷേധത്തിനിടയില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ശ്രീലങ്കൻ ഭരണഘടനയുടെ 155ാം വകുപ്പ് പ്രകാരം പ്രസിഡന്റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അധികാരമുണ്ട്. കോടതിയിൽ ഇത് ചോദ്യം ചെയ്യാൻ കഴിയില്ല. ഒരു മാസമാണ് പ്രഖ്യാപനത്തിന്റെ പ്രാബല്യമെങ്കിലും 14 ദിവസത്തിനുള്ളിൽ പാർലമെന്റ് ഇത് അംഗീകരിക്കണം. ഇല്ലാത്തപക്ഷം ഇത് റദ്ദാവും.

Eng­lish Summary:Financial cri­sis; Emer­gency in Sri Lanka
You may also like this video

Exit mobile version