Site iconSite icon Janayugom Online

സാമ്പത്തിക പ്രതിസന്ധി: ‘കൂ’ അടച്ചുപൂട്ടുന്നു

പ്രമുഖ മൈക്ര ബ്ലോഗിങ് ആപ്പായ ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ ‘കൂ’ അടച്ചുപൂട്ടുന്നു. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനിലൂടെ സ്ഥാപകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എക്‌സിന് സമാനമായ രൂപകല്‍പ്പനയുമായി, എക്‌സിന് ബദല്‍ എന്ന തരത്തിലാണ് കൂ അവതരിപ്പിച്ചത്.

‘മഞ്ഞക്കിളി വിട പറയുന്നു’ എന്ന ഹൃദയസ്പര്‍ശിയായ കുറിപ്പോടെ ലിങ്ക്ഡ്ഇനിലൂടെയാണ് കൂവിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചതായി സ്ഥാപകര്‍ അറിയിച്ചത്. ഒന്നിലധികം വലിയ ഇന്റര്‍നെറ്റ് കമ്പനികള്‍, കമ്പനികള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവരുമായി പങ്കാളിത്തത്തിനുള്ള ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പ്ലാറ്റ്ഫോം പൊതുജനങ്ങള്‍ക്കുള്ള സേവനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സഹസ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും അറിയിച്ചു. 

ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക സേവനങ്ങളുടെ ചെലവ് വര്‍ധിച്ചത് അടക്കമുള്ള കാര്യങ്ങളാണ് കടുത്ത തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ഇരുവരും വെളിപ്പെടുത്തി. വളര്‍ച്ചയുടെ പാരമ്യത്തില്‍ ദിവസേന 21 ലക്ഷം സജീവ ഉപയോക്താക്കളും പ്രതിമാസം ഒരു കോടി സജീവ ഉപയോക്താക്കളും വിവിധ മേഖലകളില്‍ നിന്നുള്ള 9000 പ്രമുഖരും ഇടപെടുന്ന തലത്തിലേക്ക് കൂ മുന്നേറിയിരുന്നു. ‘2022ല്‍ ഇന്ത്യയില്‍ ട്വിറ്ററിനെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ മാസങ്ങള്‍ മാത്രം അകലെയായിരുന്നു. മൂലധനം ഞങ്ങളുടെ പിന്നില്‍ ഉണ്ടായിരുന്നെങ്കില്‍ ആ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിക്കുമായിരുന്നു’ ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Finan­cial Cri­sis: ‘koo’ Shuts Down

You may also like this video

Exit mobile version