മുംബൈയിൽ യുവാവ് 28കാരിയായ സഹപ്രവർത്തകയെ കുത്തിക്കൊന്നു. പൂനെയിലെ യേർവാഡയിലാണ് സംഭവം. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. ഒരു മൾട്ടിനാഷണൽ കമ്പനിയിലെ കോൾസെന്ററിലെ ജീവനക്കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. 30 കാരനായ കൃഷ്ണ സത്യനാരായണ കനോജയാണ് പ്രതി. തർക്കത്തെ തുടർന്ന് ഇയാൾ ഓഫിസിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് യുവതിയെ പലതവണ കുത്തുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. യുവാവ് യുവതിയെ കത്തികൊണ്ട് കുത്തുന്നതും യുവതി തറയിൽ കിടക്കുന്നതും വീഡിയോയിൽ കാണാം. ആക്രമണം തടയാൻ യുവതി ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് കുത്തിപ്പരിക്കേൽപ്പിക്കുന്നത് തുടരുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതി ചികിത്സയ്‌ക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്. പിന്നാലെ പ്രതി കനോജക്കെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 103 (1) വകുപ്പുകൾ അടക്കം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.