Site iconSite icon Janayugom Online

കൊറോണ ശരീരത്തില്‍ മാസങ്ങളോളം അധിവസിക്കുമെന്ന് കണ്ടെത്തല്‍

കോവിഡ് 19 രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസ് രോഗബാധിതരുടെ ശരീരത്തില്‍ മാസങ്ങളോളം അധിവസിക്കുമെന്ന് പുതിയ കണ്ടെത്തല്‍. മൂക്കിലൂടെ അകത്തേക്ക് കടക്കുന്ന വൈറസ് ഹൃദയം, തലച്ചോറ് എന്നിവയുള്‍പ്പെടെ ഒട്ടുമിക്ക അവയവങ്ങളിലേക്കും കടന്നുചെല്ലുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞരാണ്, ശ്വാസകോശത്തിന് പുറത്തേക്കും വൈറസിന് കടന്നുചെല്ലാന്‍ പറ്റുമെന്നുള്‍പ്പെടെയുള്ള നിര്‍ണായകമായ വിവരങ്ങള്‍ കണ്ടെത്തിയത്.
ശരീരത്തിനകത്ത് കൊറോണ വൈറസിന്റെ വ്യാപനവും നിലനില്‍ക്കലും സംബന്ധിച്ചുള്ള ഏറ്റവും സമഗ്രമായ വിശകലനമാണിതെന്നാണ് ഈ ശാസ്ത്രജ്ഞര്‍ വിവരിക്കുന്നത്. കോവിഡ് രോഗബാധിതരായതിനുശേഷം ദീര്‍ഘകാലം വിഷമതകളും അനുബന്ധ രോഗങ്ങളും അനുഭവിക്കേണ്ടിവരുന്ന നിരവധി പേര്‍ക്ക് സഹായമാകുന്നതായിരിക്കും ഈ പുതിയ കണ്ടെത്തല്‍. എങ്ങനെയാണ് വൈറസ് ശരീരത്തില്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നതെന്ന് കണ്ടെത്തുന്നതിലൂടെ രോഗചികിത്സയില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
കാര്യമായ രോഗലക്ഷണങ്ങളില്ലാതെ കോവിഡ് 19 ബാധിച്ചവരില്‍ പോലും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ കണ്ടുവരുന്നതും പല അവയവങ്ങളിലും രോഗബാധയെത്തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ കാണപ്പെടുന്നതും ശാസ്ത്രജ്ഞരെ അലട്ടുന്ന വിഷയമായിരുന്നുവെന്നും ഈ പഠനം അതുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകളിലേക്ക് വെളിച്ചം വീശുമെന്നും മിസോറിയിലെ സെന്റ് ലൂയിസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റം വെറ്ററന്‍സ് അഫയേഴ്സിലെ ക്ലിനിക്കല്‍ എപ്പിഡെമിയോളജി സെന്റര്‍ ഡയറക്ടറായ സിയാദ് അല്‍ അലി പറഞ്ഞതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം പഠനത്തിലെ കണ്ടെത്തലുകളും അതിന്റെ വിശദാംശങ്ങളും ഇതുവരെ മറ്റുള്ള ശാസ്ത്രജ്ഞരാല്‍ പരിശോധിക്കപ്പെട്ടിട്ടില്ല. പഠനത്തിന്റെ ഭാഗമായി, ദീര്‍ഘകാല അനന്തര പ്രശ്നങ്ങള്‍ നേരിട്ടവരില്‍ നിന്നുള്ളവയെക്കാള്‍ കൂടുതല്‍ പരിശോധിച്ചിരിക്കുന്നത് കോവിഡ് ഗുരുതരമായി ബാധിച്ചവരില്‍ നിന്നുള്ള വിവരങ്ങളാണ്. പഠനം ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള പരിശോധനയിലാണിപ്പോള്‍.
Eng­lish Sum­ma­ry: Find­ing that the coro­na stays in the body for months
You may like this video also

Exit mobile version