കമ്പ്യൂട്ടറുകളും അവയുടെ കൃത്രിമ ബുദ്ധിയും തുടക്കംമുതലേ മനുഷ്യരാശിയുടെ എതിരാളി എന്ന മിഥ്യാധാരണയോടെയാണ് സമൂഹത്തിനു മുന്നിൽ വ്യാഖ്യാനിക്കപ്പെട്ടത്. കമ്പ്യൂട്ടറുകളുടെ വരവോടെ തൊഴിൽ സാധ്യതകൾ ഇല്ലാതാകുമെന്ന ധാരണ തൊഴിലാളി സംഘടനകൾക്കും സാമൂഹ്യശാസ്ത്രജ്ഞർക്കും സർക്കാരിനും അതിനോടുള്ള സമീപനത്തെ കാര്യമായി സ്വാധീനിച്ചു. എന്നാൽ കമ്പ്യൂട്ടറുകളുടെ കടന്നുവരവ് തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയല്ല പകരം പുതിയ തൊഴിൽ സാധ്യതകൾ നമുക്കുമുന്നിൽ തുറന്നിടുകയായിരുന്നു. കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാര്യത്തിലും സമാന നിലപാടിലാണ് സമൂഹമിന്നെത്തിനിൽക്കുന്നത്. കമ്പ്യൂട്ടറുകളോടെന്ന പോലെ ഭയവും മുൻധാരണകളും സൃഷ്ടിച്ചുവെങ്കിലും ഇതിനെ മറികടന്നിരിക്കുകയാണ് വിവിധ മേഖലകളിൽ വിജയകരമായി പരീക്ഷിച്ചു ജയിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം. പരീക്ഷണയിടങ്ങളിൽ നിന്നും സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രായോഗികതയിലേക്കെത്തിയപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുൻധാരണകളെ തിരുത്തിക്കുറിച്ചു. പ്രതീക്ഷിച്ചതിലും വലിയ മാറ്റമാണ് സാമ്പത്തിക തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകിയത്. ഡിജിറ്റൽ ഉപകരണങ്ങളുടെ വ്യാപകമായ ഉപയോഗം വിവരങ്ങളുടെ കൈകാര്യവും സേവനങ്ങളും പുതിയ തലങ്ങളിലേക്കെത്തിച്ചു. ഇന്ന് സാമ്പത്തിക സ്ഥാപനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ മുന്നേറുമ്പോൾ ഫിൻടെക് എന്ന പുതിയോരാശയത്തിന്റെ ഉത്ഭവത്തിനാണത് വഴിവച്ചത്. ഫിനാൻഷ്യൽ, ടെക്‌നോളജി എന്നീ രണ്ട് വാക്കുകൾ ചേർത്താണ് ഫിൻടെക് എന്ന പുതിയ പ്രയോഗം ഉരുത്തിരിഞ്ഞത്. ഫിൻടെക് വിവിധ കമ്പനികളെ അവയുടെ സാമ്പത്തിക കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. ബാങ്കിങ്, ഇൻഷുറൻസ്, റിസ്ക് മാനേജ്മെന്റ്, വില്പനകൾ എന്നിങ്ങനെ എല്ലാ സാമ്പത്തിക ഇടപാടുകളിലും സുഗമമായ മാർഗങ്ങളാണ് ഫിൻടെക് പ്രദാനം ചെയ്യുന്നത്. ഫിൻടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മാത്രം പിൻബലത്താലല്ല പ്രവർത്തിക്കുന്നത്, ഡാറ്റാ അനലിറ്റിക്സ്, ബ്ലോക് ചെയ്ൻ, റോബോട്ടിക് പ്രോസസിങ് ഓട്ടോമേഷൻ എന്നിങ്ങനെ സാങ്കേതിക വിദ്യയുടെ വിവിധ തലങ്ങളുടെ സംയുക്തമായ ഉപയോഗമാണ് ഫിൻടെകിനു പിറകിൽ ശക്തിപകരുന്നത്. ഇന്ന് നാം കാണുന്ന ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമുകളും മൊബൈൽ പേമെന്റ് ആപ്പുകളും, ക്രിപ്റ്റോകറൻസി, ബ്ലോക്ക്ചെയിൻ, ഇൻഷുറൻസ്, ബഡ്ജറ്റിങ് ആപ്ലിക്കേഷനുകളുമെല്ലാം ഫിൻടെക്കിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യക്ക് ഉദാഹരണമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം ഫിൻടെക്കിന്റെ അലോഗരിതത്തിലെ ഒരു ഘടകമെന്നതിൽ നിന്നും പ്രധാന ഭാഗമെന്ന നിലയിലേക്കെത്തിയിരിക്കുന്നു. വിവരങ്ങൾ തരംതിരിച്ച് കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ധ്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാധാന്യമേറ്റുകയാണ്.
ഇതുകൂടി വായിക്കാം: പൗരത്വം നേടിയ റോബോട്ട്
വിവരങ്ങളുടെ കൃത്യമായ അപഗ്രഥനവും കൈകാര്യവും ലക്ഷ്യംവയ്ക്കുന്ന ഫിൻടെക്കിനൊരു മുതൽക്കൂട്ടായ് മാറിയിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം. ഇടപാടുകളിലെ അസാധാരണതയും കള്ളത്തരങ്ങളും കണ്ടെത്തുന്നതിനാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം ഫിൻടെക് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം സാധ്യമാക്കാനായി സാമ്പത്തിക ഇടപാടുകൾ പ്രത്യേക ക്രമത്തിലാകണമെന്നത് മാനവശേഷിയുടെ ഉപയോഗത്തിലേക്കും അവരുടെ നേതൃത്വത്തിലുള്ള ജോലിസാധ്യതയ്ക്കും വഴിയൊരുക്കുന്നു. ഇന്ന് മനുഷ്യതൊഴിലാളികളേക്കാൾ കൃത്യതയോടെയും വേഗത്തിലും കള്ളത്തരങ്ങൾ കണ്ടെത്താനുതകുന്ന മെഷീൻ ലേർണിങ് ടെക്‌നോളജി ഉപയോഗിച്ച് മോഡലുകളെ പരിശീലിപ്പിക്കുകയാണ് വ്യവസായ സ്ഥാപനങ്ങൾ. ഉപഭോക്താക്കളെ അഭിസംബോധന ചെയ്യാനും ബാലൻസിനെ കുറിച്ചും മുൻ ചെലവുകളെയും ഇടപാടുകളെയും സംബന്ധിച്ച് അവരുന്നയിക്കുന്ന സംശയങ്ങൾക്ക് മറുപടി നൽകാനും സ്പെഷ്യലൈസ് ചെയ്ത ചാറ്റ് ബോട്ടുകളുടെ സഹായവും ഫിൻടെക് ഉപയോഗിക്കുന്നുണ്ട്. മെഷീൻ ലേർണിങ്, കോൺവർസേഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാച്യുറല്‍ ലാഗ്വേജ് പ്രോസസിങ് എന്നീ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചാറ്റ്ബോട്ടുകൾ സങ്കീർണമായ വ്യാപാര വ്യവഹാരങ്ങളെ ലളിതമായ ചാറ്റുകളിലേക്കെത്തിക്കുന്നു. ഉപഭോക്താക്കൾക്ക് അവരുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടാക്കാൻ നിക്ഷേപങ്ങളെ കുറിച്ചും ലോൺ, ഇൻഷുറൻസ് പ്ലാൻ, എന്നിങ്ങനെയുള്ള കാര്യങ്ങളിലുമുയരുന്ന സംശയങ്ങൾക്ക് മറുപടി നൽകാനും ചില ചാറ്റ് ബോട്ടുകൾക്ക് സാധിക്കും. പൊതുവെ ചാറ്റ് ബോട്ടുകളുടെ പരിശീലന വിവരങ്ങളിലെ വാക്കുകളിലും വാചകങ്ങളിലുമടങ്ങിയ പ്രസക്തമായ പദങ്ങൾ ഉപയോഗിച്ച് അവയുടെ ഇൻപുട്ട് നിർണയിക്കാൻ പ്രാപ്തമാക്കുന്നു. ബാങ്കുകൾ നൽകുന്ന ചാറ്റ് ബോട്ട് സേവനങ്ങളുടെ കാര്യമെടുത്താൽ അവരുടെ പരിശീലന വിവരങ്ങളിൽ സാധാരണയായി ഇടപാടുകൾക്കിടെ ഈ മേഖലയിലുയരുന്ന സംശയങ്ങളും അതുമായി ബന്ധിപ്പിച്ച് നൽകാനുള്ള സേവനങ്ങളുമുൾകൊള്ളിച്ചിരിക്കുന്നു. ഇത് കമ്പ്യൂട്ടറിന് സംഭാഷണത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനും കൃത്യമായി പ്രതികരിക്കാനും സഹായിക്കും. കെവൈസിയിലും (കെവൈസി) വ്യക്തിഗത തിരിച്ചറിയലിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫലപ്രദമായി ഉപയോഗിക്കുന്നു. മുൻപ് ഓരോ രേഖകളിലും മനുഷ്യ ശേഷി ഉപയോഗിച്ചായിരുന്നു കൃത്യത ഉറപ്പുവരുത്തിയിരുന്നത്. ഈയവസ്ഥ സമയ, സാമ്പത്തിക നഷ്ടത്തിന് കാരണമായിരുന്നു. ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗത്തിലൂടെ ബാങ്കിങ് ആപ്ലിക്കേഷനുകൾക്ക് രേഖകൾ കൃത്യമായും സുരക്ഷിതമായും വേഗത്തിലും കൈകാര്യം ചെയ്യാനും തിരിച്ചറിയൽ മാർഗങ്ങൾ ഓൺലൈനിലൂടെ സാധ്യമാക്കാനുമായി. സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ഇടപാടുകാരുടെ വിവരങ്ങൾ വളരെ വേഗത്തിൽ ലഭിക്കാനും അവരുടെ സാമ്പത്തിക ബാധ്യതകളും മറ്റ് വിവരങ്ങളും അപഗ്രഥിച്ച് വിലയിരുത്താനും ഇതിലൂടെ ഇത്തരം ഇടപാടുകാരെ റിസ്ക് ഫാക്ടർ അനുസരിച്ച് തരംതിരിച്ചെടുക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗത്തിലൂടെ സാധ്യമാകുന്നു. ചുരുക്കത്തിൽ ഫിൻടെക്കിൽ സാമ്പത്തിക മേഖലയിലെ കള്ളത്തരങ്ങൾ ഉത്കണ്ഠയ്ക്ക് വഴിയൊരുക്കുന്ന അവസ്ഥയിൽ നിന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗത്തിലൂടെ അസാധാരണ ഇടപാടുകളും കള്ളത്തരങ്ങളും സുഗമമായി കണ്ടെത്താനായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സെൽഫ് ലേർണിങ് കപ്പാസിറ്റിയിലൂടെ കള്ളത്തരങ്ങളും അസാധാരണ ഇടപാടുകളും കണ്ടെത്തുമ്പോൾ കമ്പനികൾക്ക് ഇതിനെക്കുറിച്ച് അറിയിപ്പ് നൽകുക മാത്രമല്ല അത്തരം പ്രവർത്തനങ്ങളെ തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കാനുമാകും. ഇത്തരത്തിൽ അസാധാരണ ഇടപാടുകൾ ശ്രദ്ധയിൽപെട്ടാൽ അത് ചുമതലപ്പെട്ട തൊഴിലാളിയെ അറിയിക്കാനും അവർക്ക് കൃത്യമായ നടപടികൾ സ്വീകരിക്കാനുമാകും. ഇത്തരത്തിൽ വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തിരിച്ചറിയാൻ സർക്കാരുകളെ സഹായിക്കുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിലവിൽ ഫിൻടെകിന്റെ പ്രധാന ഭാഗമായാണ് പ്രവർത്തിക്കുന്നത്. വിവരങ്ങളുടെ അതിപ്രസരത്തിലും അലോഗരിതം ഉപയോഗിച്ച് അവ കൃത്യമായി കൈകാര്യം ചെയ്ത് അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മുന്നേറുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യവസായ മേഖലകളിലെ സാമ്പത്തിക ഇടപാടുകളെ പൂർണമായും യന്ത്രവൽക്കരണത്തിലേക്കാണ് നയിക്കുന്നത്. ഇത് സ്ഥാപനങ്ങളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന ഫിൻടെക്കിലേക്ക് നിക്ഷേപം നടത്താനും അതിലൂടെ കൂടുതൽ ലാഭംകൊയ്യാനും വഴിയൊരുക്കുന്നു.