ഡല്‍ഹി കലാപക്കേസില്‍ ‘വിശാല ഗൂഢാലോചന’ കുറ്റം ചുമത്തുന്നതിനെതിരെ കോടതിയെ സമീപിച്ച് ഉമര്‍ ഖാലിദ്. കലാപക്കേസിലെ എഫ്‌ഐആര്‍ കെട്ടിച്ചമച്ച തെളിവുകള്‍ ഉപയോഗിച്ചുളള ഒരു തമാശയാണ് എന്നും ആ തമാശയുടെ പേരില്‍ അഞ്ച് വര്‍ഷമായി താന്‍ ജയിലില്‍ കഴിയുകയാണെന്നും ഉമര്‍ ഖാലിദ് കോടതിയില്‍ പറഞ്ഞു. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സമീര്‍ ബാജ്പായിയുടെ മുന്‍പാകെയാണ് ഉമര്‍ ഇക്കാര്യം പറഞ്ഞത്.
‘ഒരു എഫ് ഐ ആറിന്റെ തമാശയില്‍ ഞാൻ അഞ്ച് വര്‍ഷം കസ്റ്റഡിയില്‍ കഴിഞ്ഞു. ഈ എഫ് ഐ ആറിന് നിയമത്തിന്റെ പവിത്രതയില്ല. ഉമര്‍ ഖാലിദിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ത്രിദീപ് പൈസാണ് കോടതിയിൽ നിലപാട് പറഞ്ഞത്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് കേസ് അന്വേഷിക്കുന്നത്. 51 നിരപരാധികള്‍ കൊല്ലപ്പെട്ടുവെന്ന പ്രോസിക്യൂഷന്‍ അവകാശപ്പെടുന്ന എഫ് ഐ ആര്‍ അനാവശ്യമാണ്. ഈ മരണങ്ങള്‍ പ്രത്യേകം അന്വേഷണം നടക്കുന്നവയാണ്. ആ മരണങ്ങളില്‍ 751 വ്യത്യസ്ത എഫ് ഐ ആറിട്ടാണ് അന്വേഷണം നടക്കുന്നത്. പ്രോസിക്യൂഷന്‍ ആദ്യം ഒരാളെ പ്രതിയാക്കാന്‍ തീരുമാനിക്കുകയും പിന്നീട് വ്യാജ രേഖകള്‍ ചമച്ച് കുറ്റപത്രം സമര്‍പ്പിച്ച് അദ്ദേഹത്തെ ലക്ഷ്യംവയ്ക്കുകയുമായിരുന്നു:അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു.കേസ് പരിഗണിക്കുന്നത് കോടതി സെപ്റ്റംബര്‍ 17 ലേക്ക് മാറ്റി. 2020 സെപ്റ്റംബര്‍ 13 നാണ് ഉമര്‍ ഖാലിദ് അറസ്റ്റിലായത്

