Site iconSite icon Janayugom Online

മലപ്പുറത്ത് സെവന്‍സിനിടെ കരിമരുന്ന് പ്രയോഗം: സംഘാടകര്‍ക്കെതിരെ കേസ്

മലപ്പുറം അരീക്കോട് സെവൻസ് ടൂർണമെൻ്റിൻ്റെ ഭാഗമായി നടത്തിയ കരിമരുന്ന് പ്രയോഗത്തിൽ തീപ്പൊരി പതിച്ച് കാണികൾക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസ്. അനുമതിയില്ലാതെ കരിമരുന്ന് ഉപയോ​ഗിച്ചതിനാണ് കേസെടുത്തത്. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റിരുന്നു. തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടയ്ക്കാണ് സംഭവം. 

ചൊവ്വാഴ്ച രാത്രി ഫൈനൽ മത്സരത്തിനു മുന്നോടിയായി നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടമുണ്ടായത്. മുകളിലേക്ക് തെറിച്ച പടക്കം ദിശതെറ്റി കാണികൾക്കിടയിലേക്ക് വീഴുകയായിരുന്നു. കാണികൾ മാറുംമുമ്പ് പൊട്ടിത്തെറിച്ചു. പരിക്കേറ്റവരെ ആദ്യം പത്തനാപുരം അൽനാസ് ആശുപത്രിയിലും തുടർന്ന് അരീക്കോട് ആസ്റ്റർ മ​ദർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ കൂടുതലും കുട്ടികളാണ്. ആരുടെയും പരിക്ക് ​ഗുരുതരമല്ല. ഷൈജു (15), മുഹമ്മദ് മൻ​ഹാർ (12), മുഹമ്മദ് അഫ്‌ലഹ് (14), കെ മുഹമ്മദ് റാസി (13), നസീം (11), നിഹാദ് (15), സജിൻ (11), സജികാന്ത് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. കെ എം ജി മാവൂരും നെല്ലിക്കുത്ത് യുണൈറ്റഡ് എഫ്സിയും തമ്മിലായിരുന്നു ഫൈനൽ മത്സരം.

ഒമ്പതിനായിരത്തോളം കാണികൾ മത്സരം കാണാൻ എത്തിയിരുന്നു. മത്സരത്തിന് മുന്നോടിയായി സംഘാടകരാണ് കരിമരുന്ന് പ്രയോ​ഗം നടത്തിയത്. കരിമരുന്ന് പൊട്ടി മറിഞ്ഞുവീണതാണ് പടക്കത്തിന്റെ ദിശതെറ്റാൻ കാരണമെന്ന് പറയുന്നു. കുറച്ചുസമയത്തിനു ശേഷം ഫൈനൽ മത്സരം ആരംഭിച്ചെങ്കിലും കാണികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന്റെ പേരിൽ മൈതാനത്ത് സംഘർഷാവസ്ഥയുണ്ടായി. പൊലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്. ഇതോടെ മത്സരം നിർത്തിവച്ചു.

Exit mobile version