കുത്തക ഭീമന്‍ അനില്‍ അംബാനിയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 3,000 കോടിയുടെ വായ്പാ തട്ടിപ്പിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിസ്വാള്‍ ട്രേഡ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് (ബിടിപിഎല്‍) മാനേജിങ് ഡയറക്ടര്‍ പാര്‍ത്ഥസാരഥി ബിസ്വാളിനെയാണ് അറസ്റ്റ് ചെയ്തത്. റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അനില്‍ അംബാനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പാര്‍ത്ഥസാരഥിക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നു. അതിനിടെയാണ് പിഎംഎല്‍എ നിയമപ്രകാരം അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജ ബാങ്ക് ഗ്യാരന്റിക്ക് സൗകര്യമൊരുക്കിയതിന് അംബാനി ഗ്രൂപ്പ് സ്ഥാപനമായ റിലയന്‍സ് പവര്‍ ലിമിറ്റഡില്‍ നിന്ന് ബിടിപിഎല്‍ 5.4 കോടി കൈപ്പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് ഇഡി പറയുന്നത്.
ബിടിപിഎല്ലിന്റെ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളെ അംബാനിയുടെ കോര്‍പറേറ്റ് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന തെളിവാണ് സാമ്പത്തിക ഇടപാടെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒഡിഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിടിപിഎല്‍ കുറഞ്ഞത് ഏഴ് അക്കൗണ്ടുകള്‍ വഴിയാണ് കള്ളപ്പണ ഇടപാട് നടത്തിയത്. നിര്‍ബന്ധിത രേഖകള്‍ കമ്പനി സൂക്ഷിച്ചിരുന്നില്ല. രേഖകളില്‍ ഒപ്പിടാന്‍ ഡമ്മി ഡയറക്ടര്‍മാരെ ഉപയോഗിച്ചതായും ഇഡി കണ്ടെത്തിയിരുന്നു.
ബിടിപിഎൽ ബിസിനസ് ഗ്രൂപ്പുകൾക്കായി വ്യാജ ബാങ്ക് ഗ്യാരന്റി ഇഷ്യു റാക്കറ്റ് നടത്തുകയും വ്യാജ ബില്ലുകൾ തയ്യാറാക്കുകയും ചെയ്തു. ഇതിനായി വെളിപ്പെടുത്താത്ത ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിച്ചു. കോടികളുടെ സംശയാസ്പദമായ ഇടപാടുകൾ ഈ അക്കൗണ്ടുകൾ വഴി നടന്നിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ഓഫിസ് ഒരു വീട് മാത്രമായിരുന്നതിനാല്‍ ഇത് വെറും ഒരു കടലാസ് സ്ഥാപനമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈമാസം ഒന്നിന് കമ്പനിയുടെ ഭുവനേശ്വറിലെ മൂന്ന് ശാഖകളിലും കൊല്‍ക്കത്തയിലെ അസോസിയേറ്റ് സ്ഥാപനത്തിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. എട്ട് ശതമാനം കമ്മിഷന്‍ ഈടാക്കി വ്യാജ ബാങ്ക് ഗ്യാരന്റി നല്‍കുന്ന പ്രവര്‍ത്തനത്തില്‍ കമ്പനി ഏര്‍പ്പെട്ടിരുന്നതായി അന്വേഷണ സംഘം പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻകൂർ അനുമതിയില്ലാതെ അനിൽ അംബാനി ഇന്ത്യ വിടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈമാസം ഒന്നിന് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതെന്നും അറിയിച്ചു. നാളെ ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാനും മൊഴി നല്‍കാനും അംബാനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

