ക്ഷണ നേരം മതി ഒരു പുതു പിറവിക്ക്… അതാകട്ടെ നല്ലതിനു വേണ്ടിയാകുമ്പോൾ നിറയുന്നത് ഇരട്ടി സന്തോഷവും… തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ അനീഷ് സ്നേഹയാത്രയുടെ നല്ല മനസിൽ പിറന്നതാണ് ഈ സന്തോഷം. അനീഷിന്റെ ആദ്യ കവിതാ സമാഹരമായ ‘പിന്നിട്ട വഴികളും വരികളും’ ബ്രെയിലി ലിപിയിലേക്ക് മാറ്റി പ്രസിദ്ധീകരിച്ചു.
മലയാളത്തിലെ ആദ്യ ബ്രെയിലി കവിതാ സമാഹാരമാണ് ഇത്. സ്കൂൾ പാഠപുസ്തകങ്ങൾ ബ്രെയിലി ലിപിയിൽ ഉണ്ടെങ്കിലും സാഹിത്യ രചനകൾ കേരളത്തിൽ അച്ചടിച്ചിട്ടില്ലെന്ന് അനീഷ് പറയുന്നു. കവിതാ സമാഹാരം ബ്രെയിലി ലിപിയിലേക്കു മാറ്റാനിടയായതാകട്ടെ ഫേസ്ബുക്കില്‍ അനീഷ് കണ്ട ഒരു കുറിപ്പാണ്. കോഴിക്കോട് സ്വദേശിയും ഗായികയുമായ ആയിഷ സമീഹയുടേതായിരുന്നു ആ കുറിപ്പ്.
” അനുഭവിച്ചറിയാൻ ഏറെ താല്പര്യത്തോടെ പോയി. ഞങ്ങൾ കാഴ്ചയില്ലാത്തവര്‍ക്കു ഒന്നും അവിടെ തൊട്ടറിയാൻ ആയില്ല…അവസാന പ്രതീക്ഷയോടെ അവിടെ കണ്ട കൂറ്റൻ ബുക് സ്റ്റാളിലും കയറി. ബ്രെയിലി ലിപിയിലെ പുസ്തകങ്ങൾ അന്വേഷിച്ചു. അങ്ങനെ ഒരു സാധനം ആദ്യമായിട്ടാണ് സെയിൽസ് ഗേൾ കേൾക്കുന്നത് പോലും..! അതും കിട്ടിയില്ല..! നിരാശ തന്നെ ഫലം!!! എന്ത് ചെയ്യാൻ..? ഞങ്ങൾ ഭൂമിയുടെ അവകാശികൾ അല്ലല്ലോ.? ’ ഏബിളും ’ ഉം അല്ല ഞങ്ങൾ ’ ഡിസേബിളും അല്ല. ’ ഇനിയെത്ര ദൂരം സഞ്ചരിക്കണം ഞങ്ങൾ കാഴ്ചയുള്ളവര്‍ക്കൊപ്പമെത്താൻ. ? ജനുവരിയില്‍ ആയിഷ പങ്കുവെച്ച ഈ കുറിപ്പ് വായിച്ച അനീഷ് അന്നു തന്നെ തീരുമാനിച്ചു, പുസ്തകം ബ്രെയിലി ലിപിയിലേക്ക് മാറ്റണം. ഭാര്യ ഡോ. രജിതയോടും സുഹൃത്തുക്കളോടും അക്കാര്യം പങ്കുവെച്ചു. എല്ലാവരും പിന്തുണ നല്‍കി. അടുത്ത സുഹൃത്ത് മഹേഷ് ആണ് എല്ലാത്തിനും കൂടെ നിന്നത്. അങ്ങനെ ആയിഷയുടെ കുടുംബവുമായി അനീഷ് സംസാരിച്ചു. വിവരം കേട്ടപ്പോള്‍ അവര്‍ക്കും സന്തോഷം.
എറ ബുക്സ് പ്രസിദ്ധീകരിച്ച പിന്നിട്ട വഴികളും വരികളും എന്ന കവിതാസമാഹാരത്തില്‍ അനീഷ് പലപ്പോഴായി കുറിച്ചുവെച്ച 29 കവിതകളാണ് ഉള്ളത്. എല്ലാം അനീഷ് തന്റെ ജീവിത യാത്രകളില്‍ നിന്നും ഒപ്പിയെടുത്ത യാഥാര്‍ത്ഥ്യങ്ങള്‍. അനീഷിന്റെയും രജിതയുടേയും ഒമ്പതാം വിവാഹ വാര്‍ഷിക ദിനമായ 2023 ഡിസംബര്‍ 29 നാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ആയിഷയെ അനീഷ് ഇതുവരെ നേരില്‍ കണ്ടില്ല. ഒരു മാസം എടുത്തു പുസ്തകത്തിന്റെ അച്ചടി പൂര്‍ത്തീകരിക്കാന്‍. തിരുവനന്തപുരത്തുള്ള കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്സിന്റെ ബ്രയിൽ പ്രസിലാണ് പുസ്തകം അച്ചടിച്ചത്. ഞായറാഴ്ച തിരുവനന്തപുരം പ്രസ് ക്ലബില്‍ പ്രകാശനം ചെയ്യും.
ആയിഷയുടെ കുറിപ്പ് അവളുടെ മാത്രം ആശങ്കയായിരുന്നില്ല. അവളെപ്പോല എത്രയോ പേര്‍ ഈ ആകുലത പങ്കുവച്ചിട്ടുണ്ടാകും. അവര്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണ് ഈ പുസ്തകമെന്ന് അനീഷ് സ്നേഹയാത്ര പറയുന്നു. 25 പുസ്തകങ്ങളാണ് അച്ചടിച്ചിട്ടുള്ളത്. കേരളത്തിലെ നാല് സര്‍ക്കാര്‍ ബ്ലൈന്റ്സ് സ്കൂളുകളിലും ഏഴ് എയ്ഡഡ് സ്കൂളിലും ആദ്യ ഘട്ടത്തില്‍ പുസ്തകം നല്‍കുമെന്ന് അനീഷ് പറഞ്ഞു.