Site iconSite icon Janayugom Online

അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്; വൈകാരിക ഫേസ്ബുക്ക് പോസ്റ്റുമായി വി വി പ്രകാശിന്റെ മകള്‍ നന്ദന

അച്ഛന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല.…. ജീവിച്ചു മരിച്ച അച്ഛനെക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസില്‍ ജീവിച്ചിരിക്കുന്ന അച്ഛന്. ശരീരം വിട്ടു പിരിഞ്ഞെങ്കിലും അച്ഛന്റെ പച്ച പിടിച്ച ഓര്‍മ്മകള്‍ ഒരോ നിലമ്പൂര്‍ക്കാരുടേയും മനസില്‍ എരിയുന്നുണ്ട്. അതൊരിക്കലും കെടാത്ത തീയായി പടര്‍ന്നുകൊണ്ടിരിക്കും.ആ ഓര്‍മ്മകള്‍ മാത്രം മതി എന്റെ അച്ഛന് മരണമില്ലെന്ന് തെളിയിക്കാന്‍. എന്നായിരുന്നു വി വി പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ് അന്ന് കുറിച്ചത്. ഇന്ന് നിലമ്പൂര്‍ വീണ്ടും ജനവിധി തേടുമ്പോള്‍, അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പില്‍, അദ്ദേഹത്തിന്റെ ചിത്രം പങ്കുവച്ച് ആ ദുഃഖം പ്രകടിപ്പിച്ചിരിക്കുകയാണ് നന്ദന.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്, വി വി പ്രകാശന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ കുടുംബത്തിനെ കണ്ടിരുന്നു, യുഡിഎഫ് സ്ഥാനാര്‍ഥി പോകുന്നില്ലേ, എന്ന ചോദ്യത്തിന് യുഡിഎഫ് സ്ഥാനാര്‍ഥി എവിടെ പോകണമെന്ന് അവര്‍ തീരുമാനിച്ചു കൊള്ളാമെന്ന ധിക്കാരപരമായ മറുപടിയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നല്‍കിയത്. ഇതിനെതിരെ യുഡിഎഫില്‍ തന്നെ അതൃപ്തി ഉയര്‍ന്ന് വരികയും ചെയ്തിരുന്നു. 

നിലവില്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പെന്ന വേദന വി വി പ്രകാശിന്റെ മകള്‍ പങ്കുവയ്ക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ പോരില്‍ പ്രതിസന്ധി ഘട്ടത്തിലായ പ്രവര്‍ത്തകരുടെ കമന്റുകളും കാണാം.
നിലമ്പൂരിലെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ ഇടംപിടിച്ച നേതാവ്, അവരുടെ ഒരേയൊരു പ്രകാശേട്ടനോടുള്ള ആദരവ് പ്രകടമാകുന്നതിനൊപ്പം ഒറ്റക്കെട്ടാണ് കോണ്‍ഗ്രസ് എന്ന നേതാക്കളുടെ വീരവാദം വെറുതെയാണെന്ന് വ്യക്തമാക്കുന്നതാണ് മിക്ക അഭിപ്രായങ്ങളും.

Exit mobile version