Site icon Janayugom Online

ആദ്യം പോയി ചരിത്രം പഠിച്ചിട്ട് വരൂ; താജ്മഹലിന്റെ മുറികള്‍ തുറക്കണമെന്ന ഹര്‍ജി തള്ളി

താജ്മഹലിന്റെ മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നല്‍കിയ പൊതുതാല്പര്യ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. വിഷയത്തില്‍ ഹര്‍ജിക്കാരനെ ഹൈക്കോടതി ശക്തമായി ശാസിച്ചു. ബിജെപിയുടെ അയോധ്യ മീഡിയ ഇന്‍ചാര്‍ജ് ഡോ. രജനീഷ് സിങ് ആണ് താജ്മഹലിലെ 22 മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ ഡി കെ ഉപാധ്യായ, സുഭാഷ് വിദ്യാര്‍ത്ഥി എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. താജ്മഹലുമായി ബന്ധപ്പെട്ട ഗവേഷണം ഒരു അക്കാദമിക് പ്രവര്‍ത്തനമാണെന്നും അത് ചരിത്രകാരന്മാര്‍ക്ക് വിടുകയാണെന്നും ജുഡീഷ്യല്‍ നടപടികളില്‍ ഉത്തരവിടാനാകില്ലെന്നും കോടതി പറഞ്ഞു.

താജ്മഹലിലെ മുറികളില്‍ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. താജ് മഹല്‍ ഹിന്ദു ക്ഷേത്രമാണെന്നും പേര് തേജോ മഹല്‍ എന്നായിരുന്നു എന്നും ആരോപിച്ച്‌ ഹിന്ദുത്വ സംഘടനകള്‍ മുമ്പും രംഗത്തുവന്നിരുന്നു. വിചിത്ര ആവശ്യം കോടതി ആദ്യം പരിഗണിക്കാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് വാദം കേള്‍ക്കാന്‍ തയാറാകുകയായിരുന്നു.

‘ആദ്യം താജ്മഹല്‍ പണിതത് ആരാണെന്ന് പോയി അന്വേഷിക്കൂ. ഒരു സര്‍വകലാശാലയില്‍ പോകുക, അവിടെ താജ്മഹലില്‍ പിഎച്ച്‌ഡി ചെയ്യുക. എന്നിട്ട് കോടതിയില്‍ വരണം. താജ്മഹലിനെക്കുറിച്ച്‌ ഗവേഷണം നടത്തുന്നതില്‍ നിന്ന് ആരെങ്കിലും ഞങ്ങളെ തടയുകയാണെങ്കില്‍, ഞങ്ങളുടെ അടുത്തേക്ക് വരൂ’ കോടതി പറഞ്ഞു. 

ഹര്‍ജിക്കാരന്‍ നാളെ ജഡ്ജിമാരുടെ ചേംബറുകള്‍ കാണണമെന്ന് ആവശ്യപ്പെടുമെന്നും പൊതുതാല്പര്യ ഹര്‍ജി സംവിധാനത്തെ അപഹസിക്കരുതെന്നും ജസ്റ്റിസ് ഡി കെ ഉപാധ്യായ വിമര്‍ശിച്ചു. ഹര്‍ജി പിന്‍വലിക്കാനും മെച്ചപ്പെട്ട നിയമ ഗവേഷണത്തോടെ മറ്റൊരു പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ അനുവദിക്കാനും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഈ ആവശ്യവും ബെഞ്ച് പരിഗണിച്ചില്ല. 

Eng­lish Summary:First go and study his­to­ry; The peti­tion to open the rooms of the Taj Mahal was rejected
You may also like this video

Exit mobile version