Site iconSite icon Janayugom Online

ഗുജറാത്തില്‍ ബിജെപിയുടെ ആദ്യപട്ടികയില്‍ 84 പേര്‍: കോണ്‍ഗ്രസില്‍ നിന്ന് ഇന്നും എംഎല്‍എ രാജിവച്ചു

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. 84 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സിറ്റിങ് സീറ്റായ ഗാട്‍ലോഡിയയിൽ നിന്ന് മത്സരിക്കും. ഇവിടെ രാജ്യസഭാംഗം അമീ യാഗ്നിക്ക് ആണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയും ആദ്യപട്ടികയിലുണ്ട്. ജാംനഗർ നോർത്തിൽ നിന്നാണ് അവര്‍ മത്സരിക്കുന്നത്.

അതേസമയം തൂക്ക് പാലം ദുരന്തമുണ്ടായ മോർബിയിലെ എംഎൽഎ ബ്രിജേഷ് മെർജയ്ക്ക് ഇത്തവണ സീറ്റില്ല. തൊഴിൽ വകുപ്പ് സഹമന്ത്രിയായിരുന്നു മെർജ. വിജയ് രൂപാണി (മുൻ മുഖ്യമന്ത്രി), നിതിൻ പട്ടേൽ (മുൻ ഉപമുഖ്യമന്ത്രി)എന്നീ പ്രമുഖര്‍ക്ക് സീറ്റ് കിട്ടിയില്ല. ഹാർദ്ദിക് പട്ടേൽ വിരംഗം മണ്ഡലത്തിൽ നിന്ന് മത്സരിക്കും. കോൺഗ്രസിൽ നിന്ന് രാജിവച്ച് ഇന്നലെ ബിജെപിയിൽ ചേർന്ന ഭഗ്‍വൻ ഭായ് ബരാഡിന് അദ്ദേഹം നിലവില്‍ പ്രതിനിധീകരിക്കുന്ന തലാല മണ്ഡലം തന്നെ നൽകി. രണ്ട് ദിവസത്തിനിടെ രണ്ട് എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. മകന് സീറ്റ് ലഭിക്കില്ലെന്നുറപ്പായതോടെയാണ് ഭഗ്‌വന്‍ ഭായ് രാജിവച്ചത്.

അതിനിടെ ഇന്ന് ഒരാള്‍കൂടി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിട്ടുണ്ട്. ദഹോദ് ജില്ലയിലെ ഛലോഡ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഭവേശ് കത്താരയാണ് രാജിവച്ചിരിക്കുന്നത്. ഇതോടെ മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ എംഎൽഎയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. എംഎൽഎ സ്ഥാനവും ഭവേശ് രാജിവച്ചു. സ്പീക്കർ നിമാബെൻ ആചാര്യയുടെ വസതിയിലെത്തിയാണ് രാജിക്കത്ത് സമർപ്പിച്ചതെന്ന് അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി അന്തിമമാക്കുന്നതിനിടെയാണ് ഭവേശ് കത്താരയുടെ രാജി. ഇദ്ദേഹം ഇന്ന് ബിജെപിയിൽ ചേരുമെന്നാണ് വിവരം.

ഗുജറാത്ത് നിയമസഭയിൽ പ്രധാന പ്രതിപക്ഷമാണ് കോൺ​ഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 77 സീറ്റ് നേടിയെങ്കിലും ഇപ്പോൾ 66 എംഎൽഎമാർ മാത്രമേ കൂടെയുള്ളൂ. സംസ്ഥാനത്തെ രണ്ടാമത്തെ പ്രധാന പാർട്ടിയാണെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വളരെ പിന്നിലാണ് കോൺ​ഗ്രസ്. ഇത്തവണ ആംആദ്മി പാര്‍ട്ടി ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സജീവമാണ്.

 

eng­lish sum­ma­ry: BJP has released the first list of can­di­dates for the Gujarat assem­bly elections.

 

Exit mobile version