Site iconSite icon Janayugom Online

ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തിരുവനന്തപുരത്ത്

Employment ExchangeEmployment Exchange

സംസ്ഥാനത്തെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും പ്രവർത്തന ഉദ്ഘാടനം തൊഴില്‍ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലും മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സർക്കാരിന്റെ രണ്ടാം 100 ദിന കർമ്മപരിപാടിയിൽ മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പദ്ധതി ഉൾപ്പെടുത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിലെ സംസ്ഥാനത്തെ ആദ്യത്തെ മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആയി മാറ്റാനാണ് വകുപ്പ് ആദ്യം തീരുമാനിച്ചത്. മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആയി മാറുന്നത് വഴി സേവനങ്ങൾക്കായി എത്തിച്ചേരുന്ന ഉദ്യോഗാർത്ഥികൾക്ക് സേവനങ്ങൾ യഥാസമയം ലഭ്യമാക്കുന്നതിന് ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ മാതൃകാ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി രജിസ്ട്രേഷൻ നടപടികളിൽ വെരിഫിക്കേഷൻ നടത്തുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ ഏകജാലക സംവിധാനം വഴി നടപ്പിലാക്കാനാവും.

ക്യൂആർ കോഡോടു കൂടിയ സ്മാർട്ട് കാർഡ് രജിസ്ട്രേഷൻ സമയത്ത് തന്നെ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കും. വിവരങ്ങൾ അറിയുന്നതിനായി ക്യൂആർ കോഡ് സ്കാനർ മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. സേവനങ്ങൾക്കായി ഓഫീസിൽ എത്തിച്ചേരുന്ന ഉദ്യോഗാർത്ഥികളുടെ സമയം ലാഭിക്കുന്നതിനായി ടോക്കൺ സിസ്റ്റവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഉദ്യോഗാർത്ഥികൾക്ക് ഒരേസമയം തന്നെ രജിസ്ട്രേഷൻ വിവരങ്ങൾ, സീനിയോറിറ്റി, തൊഴിൽ വിവരങ്ങൾ എന്നിവ മനസിലാക്കുന്നതിനായി കിയോസ്ക് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ സേവനം ലഭ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

Eng­lish Sum­ma­ry: First Mod­el Dis­trict Employ­ment Exchange at Thiruvananthapuram

You may like this video also

Exit mobile version