ജലസംരക്ഷണത്തിനുളള നവീന മാതൃകയായ ദക്ഷിണേന്ത്യയിലെ ആദ്യത്തെ റബ്ബര്‍ ചെക്ക്ഡാം കാസര്‍കോട് ജില്ലയിലെ പനത്തടി ഗ്രാമ പഞ്ചായത്തിലെ മാനടുക്കം എരിഞ്ഞിലംകോട് തിമ്മംചാലില്‍ നിര്‍മ്മാണം പൂര്‍ത്തിയായി. കാസര്‍കോട് വികസന പാക്കേജില്‍ 48 ലക്ഷം രൂപ ചിലവില്‍ ആണ് പ്രവൃത്തി നടന്നത്. ദക്ഷിണേന്ത്യയിലെ ഇത്തരത്തിലുളള ആദ്യത്തെ നിര്‍മ്മാണം ആണ് ഇത്. കട്ടികൂടിയ റബ്ബര്‍ഷീറ്റ് കോണ്‍ക്രീറ്റില്‍ ഘടിപ്പിച്ച് അതിലേക്ക് ജലം പമ്പ് ചെയ്ത് നിറച്ചാണ് ഡാമില്‍ ജലം സംഭരിക്കുന്നത്. വളരെപെട്ടെന്ന് തന്നെ ഈ പ്രകൃയ പൂര്‍ത്തിയാവും എന്നുളളത് കൊണ്ട് തന്നെ ജലസംഭരണം വളരെകുറഞ്ഞ സമയം കൊണ്ട് സാധ്യമാകും. എതാണ്ട് 88700 ലിറ്റര്‍ വെള്ളം സംരക്ഷിക്കാനാവും. 155 ഓളം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. റബ്ബര്‍ഷീറ്റില്‍ ഉളള ജലം പുറത്തേക്ക് ഒഴുക്കിവിട്ടുകഴിഞ്ഞാല്‍ പുഴയിലെ ഒഴുക്ക് സാധാരണ നിലയിലാകും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ സാങ്കേതിക സഹായത്തോടെ ചെറുകിട ജലസേചന വകുപ്പാണ് നിര്‍മ്മാണം നടത്തിയത്. വളരെ പെട്ടെന്ന് തന്നെ വെളളം തടഞ്ഞ് നിര്‍ത്താനാകും എന്നുളളതും ഡാമില്‍ ചളിയും മണലും അടിഞ്ഞുകൂടില്ല എന്നുളളതും വളരെപെട്ടെന്ന് തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകും എന്നുളളതും താരതമ്യേന കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കാനാകും എന്നുളളതുമാണ് ഇതിന്റെ പ്രത്യേകത.