Site iconSite icon Janayugom Online

പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം: പിടിച്ചുലച്ച് പ്രതിപക്ഷം

മൂന്നാം മോഡി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം. പ്രതിപക്ഷത്തോട് നിഷേധസമീപനം സ്വീകരിച്ച ഒന്നും രണ്ടും മോഡി സര്‍ക്കാരുകള്‍ക്കു ശേഷം പ്രതിപക്ഷ കടന്നാക്രമണത്തില്‍ പതറുന്ന ഭരണപക്ഷത്തെയാണ് ആദ്യസമ്മേളനത്തില്‍ കണ്ടത്. തനിച്ച് ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് എന്‍ഡിഎ ഘടക കക്ഷികള്‍ ഉയര്‍ത്തുന്ന ഭീഷണിയും വെല്ലുവിളിയായി. 

ഭരണ പരാജയങ്ങള്‍ ഇന്ത്യ സഖ്യം ഉയര്‍ത്തുമ്പോള്‍ പത്തുവര്‍ഷം മുമ്പുള്ള സര്‍ക്കാരുകളെ വിമര്‍ശിച്ചാണ് സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചത്. തൊഴിലില്ലായ്മ, വിലക്കയറ്റം, നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, അഗ്നീവീര്‍ ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചപ്പോള്‍ നിലവാരമില്ലാത്ത, വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളിലൂടെയാണ് പിടിച്ചുനില്‍ക്കാൻ നോക്കിയത്. രാഹുല്‍ ഗാന്ധിക്കെതിരെ ബാലബുദ്ധി പ്രയോഗവും ജവഹര്‍ലാല്‍ നെഹ്രുവിനെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിച്ചതും അതിന്റെ തെളിവായി. പ്രതിപക്ഷ നേതാവ് രാഹുലിന്റെയും മറ്റ് അംഗങ്ങളുടെയും പ്രസംഗങ്ങള്‍ ജനകീയ വിഷയങ്ങളുമായി കത്തിക്കയറിയപ്പോള്‍ പ്രതിരോധിക്കാന്‍ മോഡിക്ക് തന്നെ എഴുന്നേല്‍ക്കേണ്ടിവന്ന അപൂര്‍വ കാഴ്ചയും ഇത്തവണയുണ്ടായി. തെരഞ്ഞെടുപ്പ് വേളയില്‍ വിദ്വേഷ പ്രചരണം നടത്തിയത് ചോദ്യം ചെയ്തതിനെ മതവികാരം ഉയര്‍ത്തി നേരിടാനും ശ്രമിച്ചു. ലോക്‌സഭയില്‍ സംസാരിക്കാന്‍ ലഭിച്ച അവസരത്തില്‍ ഔട്ടര്‍ മണിപ്പൂരില്‍ നിന്നുള്ള ആല്‍ഫ്രഡ് കാന്‍ഗമിന്റെ അര്‍ധരാത്രിയിലെ ലഘുപ്രസംഗം സഭയെ പിടിച്ചുലയ്ക്കുന്നതായി.

അതുകൊണ്ടുകൂടിയാവണം ലോ‌‌ക‌്സഭയില്‍ മണിപ്പൂരിനെ പരാമര്‍ശിക്കാതിരുന്ന മോഡി രാജ്യസഭയില്‍ ആ വിഷയത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞത്.
പ്രതിപക്ഷം ഉന്നയിച്ച, ജനങ്ങളെ അലട്ടുന്ന വിഷയങ്ങളില്‍ മുട്ടാപ്പോക്കുമായി പ്രതിരോധിക്കാനുള്ള വിഫല ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. നോട്ട് പിന്‍വലിച്ച് രാജ്യത്തെ ജനങ്ങളുടെ ജീവിതമാര്‍ഗം കോര്‍പറേറ്റുകള്‍ക്കായി ഇല്ലാതാക്കിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആക്ഷേപം ഉയര്‍ത്തിയപ്പോള്‍ അതിനെ പരിഹസിച്ച് ഒളിച്ചോടാനാണ് രാജ്യസഭയിലും ലോക്‌സഭയിലും സര്‍ക്കാര്‍ ശ്രമിച്ചത്.
എന്‍ഡിഎ എന്ന കൂട്ടുകക്ഷി സംവിധാനത്തെ കയറില്‍ കോര്‍ത്ത് പ്രതിപക്ഷത്തിന് എതിരെ വലിക്കാനുള്ള നീക്കങ്ങളാണ് മൂന്നാം മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ എത്രകണ്ട് വിജയിക്കും എന്നത് വരുംനാളുകളിലേ വ്യക്തമാകൂ. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ചിത്രം കൂടുതല്‍ വ്യക്തമാകും.

ഉത്തരംമുട്ടി മോഡി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വിവാദ പരാമര്‍ശത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ നടത്തിയ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. അതേസമയം പ്രതിപക്ഷമുയര്‍ത്തിയ ആരോപണത്തിന് മറുപടിയില്ലാതെ ഉത്തരംമുട്ടിയ അവസ്ഥയിലായിരുന്നു മോഡിയുടെ പ്രസംഗം.
റിമോട്ടിലൂടെ വിമാനം പറത്തുന്ന തരത്തില്‍ ഭരണ നിയന്ത്രണം നടത്തുന്ന നിലപാടായിരുന്നു മുന്‍കാല സര്‍ക്കാരിന്റേതെന്നും മോഡി ഭരണം അത്തരത്തിലല്ലെന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. പരാമര്‍ശത്തില്‍ ഇടപെടാന്‍ അനുമതി തേടിയെങ്കിലും രാജ്യസഭാ ചെയര്‍മാന്‍ ജഗ്‌ദീപ് ധന്‍ഖര്‍ അനുമതി നല്‍കാതിരുന്നതോടെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ നിരത്താന്‍ ഏറെ സമയം ചെലവഴിച്ച പ്രധാനമന്ത്രി പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് തൊട്ടുംതൊടാതെയും ചെറിയ വാക്കുകളിലാണ് മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ മണിപ്പൂര്‍ വിഷയത്തെ കുറിച്ചുള്ള സര്‍ക്കാരിന്റെ നിലപാടുതേടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇന്നലെ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ മണിപ്പൂരിനെ പരാമര്‍ശിച്ചു പോകുന്നതിനപ്പുറം ഇനിയും ഒടുങ്ങാത്ത കലാപം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കാര്യമായ പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
നീറ്റ് പരീക്ഷാ പേപ്പര്‍ ചോദ്യം ചോര്‍ന്ന വിഷയത്തിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ നടപടികള്‍ എന്നതിനപ്പുറം കാര്യമായൊന്നും മോഡിയുടെ പ്രസംഗത്തില്‍ ഇല്ലായിരുന്നു. തൊഴിലില്ലായ്മ തൊഴില്‍രഹിതര്‍ സ്വയം പരിഹരിക്കട്ടെ എന്ന തരത്തിലുള്ള വാക്കുകളാണ് പ്രധാനമന്ത്രി രാജ്യസഭയെ ബോധ്യപ്പെടുത്തിയത്. വിലക്കയറ്റവും മോഡിയുടെ പ്രസംഗത്തില്‍ ഇടംപിടിച്ചില്ല. ഇനിയും അവസാനിക്കാത്ത കര്‍ഷക സമരത്തെ കുറിച്ചും മോഡി മൗനിയായി. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ നടന്ന നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കി രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
Eng­lish Summary:
You may also like this video

Exit mobile version