ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി ശാന്തിശ്രീ ധൂലിപ്പുഡി പണ്ഡിറ്റിനെ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം നിയമിച്ചു. നിലവിൽ മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സർവകലാശാലയുടെ വൈസ് ചാൻസലറാണ് ഇവര്‍. അതേസമയം തീവ്ര സംഘപരിവാര്‍ അനുകൂലിയായ ഇവര്‍ ട്വിറ്ററില്‍ വംശഹത്യയെ അനുകൂലിക്കുന്ന വിദ്വേഷ ട്വീറ്റുകള്‍ നടത്തിയിട്ടുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
59 കാരിയായ ശാന്തിശ്രീ പണ്ഡിറ്റ് ജെഎൻയുവിലെ പൂർവ വിദ്യാര്‍ത്ഥി കൂടിയാണ്. ജെഎൻയുവില്‍ തന്നെ എംഫിലും ഇന്റര്‍നാഷണല്‍ റിലേഷൻസില്‍ പിഎച്ച്ഡിയും പൂര്‍ത്തിയാക്കി. ഗോവ, പൂനെ സര്‍വകലാശാലകളില്‍ അധ്യാപികയായിരുന്നു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ അംഗം, ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് അംഗം തുടങ്ങി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മുസ്ലിം വംശഹത്യ പ്രോത്സാഹിപ്പിക്കുന്നത് ഉള്‍പ്പെടെ ശാന്തിശ്രീ പണ്ഡിറ്റ് നടത്തിയ നിരവധി വിദ്വേഷ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തകരെ ജിഹാദികളെന്നും ആക്ടിവിസ്റ്റുകളെ ചൈനാക്കാര്‍ എന്നുമൊക്കെ ഇവര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ കൊലപാതകം ശരിയായിരുന്നുവെന്നും ഇവര്‍ ട്വിറ്ററില്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. കര്‍ഷക സമരം, ഷഹീന്‍ ബാഗ് സമരം തുടങ്ങിയ വിഷയങ്ങളിലും ഇവരുടെ വിദ്വേഷ പ്രസ്താവനകള്‍ പ്രചരിക്കുന്നുണ്ട്.
പൂനെയില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് വകുപ്പ് മേധാവിയായിരിക്കെ ശാന്തിശ്രീ പണ്ഡിറ്റിനെതിരെ അഴിമതി ആരോപണവും ഉയര്‍ന്നിരുന്നു. ജെഎൻയുവിൽ നിരവധി ഹിന്ദുത്വ വർഗീയ അജണ്ടകൾ നടപ്പാക്കുന്നതിന് നേതൃത്വം നല്‍കിയ ജഗദേഷ് കുമാറിന് പകരമാണ് ശാന്തിശ്രീയുടെ നിയമനം. ഇദ്ദേഹത്തെ യുജിസി ചെയർമാനായി കഴിഞ്ഞ ആഴ്ച നിയമിച്ചിരുന്നു.
english summary; First woman Vice Chancellor at JNU
you may also like this video;