Site iconSite icon Janayugom Online

അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി

അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഷാപ്പുമുക്ക്, കുതിരക്കടവ്, മുട്ടത്തുമൂലക്കടവ്, കണ്ടച്ചിറ ഭാഗങ്ങളിലാണു സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് മുതലാണ് വിവിധയിടങ്ങളിലായി മീനുകൾ ചത്ത് പൊങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ രാവിലെയോടെ വലിയ തോതിൽ മീനുകൾ ചത്ത് കരയ്ക്കടിയാൻ തുടങ്ങി. ഞുണ്ണ, കരിമീന്‍, നന്ദല്‍, ചെറിയ മത്സ്യങ്ങള്‍ തുടങ്ങിയവയാണ് തീരത്തടിഞ്ഞതില്‍ കൂടുതലും. രൂക്ഷമായ ഗന്ധം ഉണ്ടായിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. മത്സ്യം ചത്തുപൊങ്ങിയതോടെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും പരിഭ്രാന്തരായി.

മാലിന്യം തളളിയതില്‍ നിന്നുണ്ടായ വിഷം വെള്ളത്തില്‍ കലര്‍ന്നതോ അല്ലെങ്കില്‍ കടലിൽ നിന്നു കായലിലേക്ക് വ്യാപിക്കുന്ന കറയിളക്കമെന്ന പ്രതിഭാസമോ ആണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിനു കാരണമെന്നാണു നാട്ടുകാര്‍ പറയുന്നത്. മാസങ്ങളായി അഷ്മുടിക്കായലിലേക്ക് ശൗചാലയ മാലിന്യം വലിയതോതില്‍ തള്ളുന്നതായും തുടര്‍ന്ന് മീനുകള്‍ ചത്തുപൊങ്ങുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വലിയ തോതിൽ ഇത്രയധികം മത്സ്യങ്ങൾ ചത്തുപ്പൊങ്ങുന്നത് ഇത് ആദ്യമാണെന്നും സമീപവാസികള്‍ വ്യക്തമാക്കി.

തുടര്‍ന്ന് ജില്ലാ ഫിഷറീസ് ഓഫീസ്, മലിനീകരണ ബോര്‍ഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വിദഗ്ധര്‍ കായലിലെ വെള്ളം പരിശോധിച്ചു. പരിശോധനയില്‍ ഓക്സിജന്റെ അളവ് കുറവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കോര്‍പറേഷന്‍‍ അധികൃതര്‍ തൊഴിലാളികളെ ഉപയോഗിച്ച് ചത്തമത്സ്യങ്ങളെ കായലില്‍ നിന്ന് നീക്കം ചെയ്തു സംസ്‌കരിച്ചു. ജല പരിശോധനയുടെയും മറ്റു ശാസ്ത്രീയ പരിശോധനകളുടെയും ഫലം ഇന്നു ലഭിക്കും. ഇതിനു ശേഷം മാത്രമെ മത്സ്യം ചത്തു പൊങ്ങിയതിന്റെ കാരണം കണ്ടെത്താന്‍ സാധിക്കുകയുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version