കൃഷിവകുപ്പ് നടപ്പിലാക്കി വരുന്ന സംസ്ഥാന വിള ഇൻഷുറൻസ് മാതൃകയിൽ മത്സ്യകൃഷി രംഗത്തും ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നു. നേരത്തെ ഫിഷറീസ് വകുപ്പ് നടപ്പാക്കിയ മത്സ്യകേരളം, മത്സ്യസമൃദ്ധി എന്നീ പദ്ധതികൾക്കായി പാടശേഖര മത്സ്യകൃഷി, കല്ലുമേൽക്കായ കൃഷി യൂണിറ്റുകൾ, മത്സ്യഫാം എന്നിവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പദ്ധതി നിലനിന്നിരുന്ന കാലത്ത് മാത്രമാണ് ഇൻഷുറൻസ് ഉണ്ടായിരുന്നത്. നിലവിൽ സുഭിക്ഷകേരളം പദ്ധതി വഴി 25 ഓളം മത്സ്യകൃഷി രീതികളാണ് നടപ്പിലാക്കുന്നത്.
പദ്ധതിപ്രകാരമുള്ള മത്സ്യകൃഷിക്ക് വിള ഇൻഷുറൻസ് ഏർപ്പെടുത്താൻ യോഗം ചേരുകയും നാല് പ്രാവശ്യം ടെൻഡർ ക്ഷണിച്ചെങ്കിലും ആരും പങ്കെടുക്കാത്തതിനാൽ പദ്ധതിയിൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കൃഷി വകുപ്പ് മാതൃകയില്‍ മത്സ്യകൃഷിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ ഫിഷറീസ് വകുപ്പ് ആലോചിക്കുന്നത്. സംസ്ഥാനത്തെ മത്സ്യകര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള മത്സ്യവിത്ത് ലഭ്യമാക്കുന്നത് സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം വഴിയാണ്.
കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന മത്സ്യവിത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ സീഡ് ഫാമുകള്‍, ചെമ്മീന്‍ ഹാച്ചറികള്‍, അലങ്കാര മത്സ്യവിത്ത് ഹാച്ചറികള്‍ എന്നിവയ്ക്ക് മത്സ്യവിത്ത് കേന്ദ്രം മുഖേന രജിസ്ട്രേഷന്‍ ലൈസന്‍സ് എന്നിവ നല്‍കിയിട്ടുണ്ട്. ഗുണമേന്മ ഉറപ്പാക്കാന്‍ സീഡ് ഇന്‍സ്പെക്ടര്‍മാരെ നിയോഗിക്കുകയും ഇവര്‍ പരിശോധന നടത്തുകയും ചെയ്യുന്നു. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള മത്സ്യവിത്ത് ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കുന്നതിനായി ചെക്ക് പോസ്റ്റുകള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ തുടര്‍ച്ചയായി പരിശോധനകളും നടത്തുന്നുണ്ട്. വിതരണം ചെയ്യുന്ന മത്സ്യവിത്തുകള്‍ രോഗവിമുക്തമാണെന്നും ഫിഷറീസ് വകുപ്പ് ഉറപ്പ് വരുത്തുന്നുണ്ട്. മത്സ്യവിത്തുകള്‍ നല്‍കുന്നത് മുതല്‍ മത്സ്യകര്‍ഷകരുടെ കൃഷിക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
English Sammury: Fish farming will now be covered under the crop insurance model