Site iconSite icon Janayugom Online

മീന്‍ വാങ്ങിയവര്‍ നല്‍കിയ തുക നൗഷാദ് മാറ്റിവച്ചു; അശ്വിന്റെ ചികിത്സക്കായി

fishermenfishermen

മത്സ്യ വ്യാപാരത്തിലൂടെ ഒരു ദിവസം കിട്ടിയ മുഴുവന്‍ തുകയും കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായ അശ്വിന്‍ മാത്യുവിന് നല്‍കി അണക്കരയിലെ പാറക്കല്‍ ഫിഷറീസ് ഉടമ നൗഷാദ്. ചികിത്സയില്‍ കഴിയുന്ന അണക്കര സ്വദേശി അശ്വിന്‍ മാത്യു (19) വിന്റെ ചികിത്സാ സഹായത്തിനുള്ള പണം കണ്ടെത്തുവാനാണ് ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും നൗഷാദ് നീക്കിവെച്ചത്. ശസ്ത്രക്രിയയും തുടര്‍ ചികിത്സക്കുമായി 50 ലക്ഷത്തോളം രൂപയാണ് ആവശ്യമായിവന്നത്.

15 ലക്ഷം രൂപ കൂടി നല്‍കിയാല്‍ ആണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകാന്‍ സാധിക്കുക. ഇതിനെ തുടര്‍ന്നാണ് ചികിത്സാ സഹായം നല്‍കുന്നതിനായി ഒരു ദിവസത്തെ മുഴുവന്‍ തുകയും ധനസഹായമായി നല്‍കാന്‍ നൗഷാദും സഹോദരന്‍ നിസാറും തീരുമാനിച്ചത്. 750 കിലോയില്‍ അധികം മത്സ്യമാണ് വില്‍ക്കാനായി കൊണ്ടുവന്നത്. പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ബക്കറ്റില്‍ ഇഷ്ടമുള്ള തുക മത്സ്യം വാങ്ങുന്നവര്‍ നിക്ഷേപിച്ചു. ഗുരുതര കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അണക്കര സ്വദേശി അശ്വിന്‍ മാത്യു. വില്പനയിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും പരസ്യമായി എണ്ണിത്തിട്ടപ്പെടുത്തി അശ്വിന്റെ കുടുംബത്തിന് കൈമാറുമെന്ന് നിസാര്‍ പറഞ്ഞു.

You may also like this video

Exit mobile version