Site iconSite icon Janayugom Online

ആഴക്കടലിന്റെ ഓളപ്പരപ്പിൽ തൂശനിലയില്‍ മത്സ്യത്തൊഴിലാളികളുടെ‘ഓണസദ്യ’

ആഴക്കടലിലും ആവേശം നിറച്ച് പൊന്നോണം. ആഴക്കടലിന്റെ മടിത്തട്ടില്‍, തിരമാലകളുടെ താരാട്ടിൽ, ഓണസദ്യയൊരുക്കിയാണ് ഒരു കൂട്ടം മത്സ്യത്തൊഴിലാളികളുടെ ഇത്തവണത്തെ ഓണാഘോഷം. അഴീക്കോട് വാകച്ചാർത്ത് എന്ന മത്സ്യബന്ധന വള്ളത്തിലെ തൊഴിലാളികളാണ് കടലിന് നടുവില്‍ ഓണസദ്യയൊരുക്കിയത്. മീൻ പിടിക്കുന്നതിനിടയിലും ഉത്രാട ദിനം ആഘോഷിക്കാൻ അവർ തീരുമാനിച്ചതാണ് വ്യത്യസ്തമായ ഒരു ഓണാഘോഷമായത്.

വീട്ടിൽ നിന്ന് പാചകം ചെയ്തുകൊണ്ടുവന്ന കറികളും വള്ളത്തിൽവെച്ച് തന്നെ തയ്യാറാക്കിയ വിഭവങ്ങളും ചേർത്ത് തൂശനിലയിട്ട് ആഴക്കടലിന്റെ ഓളപ്പരപ്പില്‍ അവര്‍ സദ്യയൊരുക്കി. തിരക്കിനിടയിലും ചോറും സാമ്പാറും പായസവും പപ്പടവും അവർ പാചകം ചെയ്തു. കുടുംബാംഗങ്ങൾ സ്നേഹത്തോടെ തയ്യാറാക്കി നൽകിയ വിവിധതരം വറികളും അവർക്ക് വീട്ടകങ്ങളിലെ ഓണത്തിന്റെ ഓർമ്മകള്‍ സമ്മാനിച്ചു. ആര്യക്കാരൻ സോജന്റെയും സ്രാങ്ക് സുധിഷിന്റെയും നേതൃത്വത്തിൽ നാൽപ്പത്തിയഞ്ച് തൊഴിലാളികളാണ് വള്ളത്തില്‍ ഓണസദ്യയുണ്ടത്. 

Exit mobile version