Site iconSite icon Janayugom Online

അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍; പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

ഈ വര്‍ഷത്തെ ഐടി നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഐടിയിലും അനുബന്ധമേഖലകളിലുമായി അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും രാജ്യത്തെ ഐടി വ്യവസായ കയറ്റുമതിയുടെ 10% വിഹിതമെങ്കിലും നേടാന്‍ കേരളത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നതാണ് പുതിയ ഐടി നയം.
സ്വകാര്യ പങ്കാളിത്തത്തിലൂടെയും വികേന്ദ്രീകൃത വളർച്ചയിലൂടെയും സംസ്ഥാനത്ത് ഐടി സ്ഥല ലഭ്യത മൂന്നിരട്ടിയാക്കും. ഐപി അധിഷ്ഠിത വിജ്ഞാന വ്യവസായ ആവാസവ്യവസ്ഥ സൃഷ്ടിക്കും. സ്റ്റാർട്ടപ്പുകളുടെ എണ്ണം 20,000 ആയി ഉയർത്തും. ഫൈബർ ഓപ്റ്റിക് കണക്ടിവിറ്റി ഉറപ്പാക്കി സംസ്ഥാനത്തെ എല്ലാ വീടുകളിലും ഇന്റർനെറ്റ് ലഭ്യത 100% ഉറപ്പാക്കും. ബഹിരാകാശം, പ്രതിരോധം, ഇലക്ട്രോണിക്സ്, നിർമ്മിത ബുദ്ധി (എഐ), ക്വാണ്ടം കമ്പ്യൂട്ടിങ്, ജെനോമിക്സ് തുടങ്ങിയ ഉയർന്ന സാങ്കേതിക മേഖലകളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ 5–10% വിഹിതം നേടും. ഇവയാണ് നയത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. 

സർക്കാർ ഇ‑സേവനങ്ങൾക്കായി എന്റർപ്രൈസ് ആർക്കിടെക്ചർ മുഖാന്തിരം എല്ലാ പൗരകേന്ദ്രീകൃത സേവനങ്ങളിലേക്കും എളുപ്പത്തിൽ സമീപിക്കുന്നതിനായി ഏക ഉപയോക്തൃ ഇന്റർഫേസ് ലഭ്യമാക്കും. ഡാറ്റയുടെയും പുതിയ സാങ്കേതികവിദ്യകളുടെയും ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗത്തിനായി ചട്ടക്കൂട് നടപ്പിലാക്കും. കൂടുതൽ ഇ‑ഗവേണൻസ് ആപ്ലിക്കേഷനുകള്‍ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളാക്കി മാറ്റും. ഡാറ്റാ അധിഷ്ഠിത സൊല്യൂഷൻ കമ്പനികൾ വികസിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമായി സംസ്ഥാന നിയന്ത്രണത്തിലുള്ള ഡാറ്റാ സങ്കേതങ്ങൾ സൃഷ്ടിക്കും. സമഗ്രമായ ഒരു സൈബർ സുരക്ഷാ നിയമവും രൂപീകരിക്കും. 

Exit mobile version