വിജ്ഞാന കേരളം പദ്ധതിയിലൂടെ അടുത്തവർഷം അഞ്ചുലക്ഷം വിദ്യാർഥികൾക്ക് തൊഴിൽ നൽകുമെന്ന് വിജ്ഞാന കേരളം ഉപദേഷ്ടാവ് ഡോ ടി എം തോമസ് ഐസക് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയ്ക്കു മുന്നോടിയായി സംഘടിപ്പിച്ച വെർച്വൽ ഇന്റർവ്യൂ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
25,000 വിദ്യാർഥികൾക്ക് നൈപുണീവികസനത്തിൽ പരിശീലനം നൽകുകയാണ്. മേയ് മാസത്തോടെ ഇവർക്ക് ഓഫർ ലെറ്റർ നൽകും. മെഗാ തൊഴിൽമേളയ്ക്കുശേഷം എല്ലാ മാസവും ഒന്നോ രണ്ടോ തൊഴിൽമേളകൾ വീതം സംഘടിപ്പിക്കുമെന്നും നാലുമാസത്തിനുള്ളിൽ ജില്ലയിൽ 10,000 പേർക്കുകൂടി തൊഴിലുറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എച്ച് സലാം എംഎൽഎ. അധ്യക്ഷനായി. കെ ജി രാജേശ്വരി, എൻ എസ് ശിവപ്രസാദ്, ഷീബാ രാകേഷ്, ബിനു ഐസക് രാജു, എം വി പ്രിയ, ആർ റിയാസ്, ഗീതാ ബാബു, നികേഷ് തമ്പി, വി ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.