ചെന്നൈയിൽ പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ. റെഡ് ഹിൽസിൽ സ്വദേശിയായ കാമരാജ് എന്ന വിക്ടറിനെയാണ്(53) പൊലീസ് അറസ്റ്റ് ചെയ്തത്. 10നും 11നും ഇടയിൽ പ്രായമുള്ള അഞ്ച് പെൺകുട്ടികളാണ് പീഡനത്തിനിരയായത്.
വിക്ടറിൻറെ ഭാര്യ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്തെ കുട്ടികൾക്കായി ട്യൂഷൻ ക്ലാസുകൾ നടത്തുന്നുണ്ടായിരുന്നു. ദിവസവും വൈകുന്നേരങ്ങളിൽ പത്തിലധികം വിദ്യാർത്ഥികൾ അവരുടെ വീട്ടിൽ ക്ലാസിന് വരാറുണ്ടായിരുന്നു. ഭാര്യയെ സഹായിക്കാനെന്ന വ്യാജേന വിക്ടർ പെൺകുട്ടികളെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 30ന് പെൺകുട്ടികളിൽ ഒരാൾ ഇക്കാര്യം മാതാപിതാക്കളോട് പറയുകയും തുടർന്ന് പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിക്ടറിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

