Site iconSite icon Janayugom Online

സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകൾ കൂടി വികസിപ്പിക്കുന്നു

സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകൾ കൂടി വികസിപ്പിക്കുന്നതിന് പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിട്ടി അറിയിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാമനാട്ടുകര‑കോഴിക്കോട് എയർപോർട്ട് റോഡ്, കണ്ണൂർ വിമാനത്താവള റോഡ് (ചൊവ്വ‑മട്ടന്നൂർ), കൊടുങ്ങല്ലൂർ‑അങ്കമാലി, വൈപ്പിൻ‑മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫിസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതിരേഖയാണ് തയ്യാറാക്കുക. അതോടൊപ്പം കൊച്ചി-മധുര ദേശീയപാതയിൽ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിർമ്മാണത്തിനുള്ള പദ്ധതി രേഖയും തയ്യാറാക്കുന്നുണ്ട്. പദ്ധതി രേഖ തയ്യാറാക്കുന്നതിന് ഏജൻസിയെ തെരഞ്ഞെടുക്കുവാനുള്ള ടെൻഡർ നടപടികൾ ദേശീയപാതാ അതോറിട്ടി ആരംഭിച്ചു. 

സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് പുതിയ ദേശീയപാതകൾക്കുള്ള പദ്ധതി രേഖ തയ്യാറാക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രഉപരിതല ഗതാഗതമന്ത്രിയെ സന്ദർശിച്ച ഘട്ടത്തിൽ കൂടുതൽ പാതകൾ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതിനുള്ള വിശദമായ നിർദേശവും സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രേഖ തയ്യാറാക്കാനുള്ള നടപടികൾ ആരംഭിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ദീർഘ കാലത്തെ സ്വപ്നമാണ് ഈ പാതകളുടെ വികസനം. ഈ പദ്ധതികൾ സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

12 കിലോമീറ്റർ വരുന്ന രാമനാട്ടുകര‑കോഴിക്കോട് എയർപോർട്ട് റോഡും 20 കിലോമീറ്റർ വരുന്ന കൊടുങ്ങല്ലൂർ‑അങ്കമാലി (വെസ്റ്റേൺ എറണാകുളം ബൈപ്പാസ്) റോഡും നാലു വരി പാതയാക്കി ഉയർത്താനുള്ള പദ്ധതി രേഖയാണ് തയ്യാറാക്കുക. 30 കിലോമീറ്റർ വരുന്ന കണ്ണൂർ എയർപോർട്ട് റോഡും 13 കിലോ മീറ്റർ വരുന്ന വൈപ്പിൻ‑മത്സ്യഫെഡ് റോഡും 2 ലൈൻ പേവ്ഡ് ഷോൾഡർ ആയും വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കോതമംഗലം, മൂവാറ്റുപുഴ ബൈപാസുകളും 2 ലൈൻ പേവ്ഡ് ഷോൾഡർ ആയാണ് വികസനം ലക്ഷ്യമിടുന്നത്. 

Exit mobile version