അഞ്ച് രാപ്പകലുകൾ അനന്തപുരിയെ നൃത്ത, ലാസ്യ, ലയ താളമേളങ്ങളിൽ ആറാടിക്കുന്ന കൗമാര കലാമാമാങ്കത്തിന് ഇന്ന് തുടക്കമാകും. എം ടി വാസുദേവൻ നായരുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ എഴുത്തിനെ സ്വാധീനിച്ച നിളാ നദിയുടെ പേര് ചേര്‍ത്ത് എംടി — നിള എന്നു പേരിട്ടിരിക്കുന്ന പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 11.30 മുതൽ മോഹിനിമാരുടെ നൃത്തച്ചുവടുകൾക്ക് സദസ് താളം പിടിക്കുന്നതോടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയ്ക്ക് തുടക്കമാകും. ഇതേസമയം മറ്റ് 24 വേദികളിലും വിവിധ മത്സരങ്ങള്‍ അരങ്ങേറും.
അഞ്ച് ദിവസങ്ങളിലായി 25 വേദികളിലെ 149 ഇനങ്ങളില്‍ 15,000 പ്രതിഭകൾ മാറ്റുരയ്ക്കും. കലാമണ്ഡലത്തിലെയും പൊതുവിദ്യാലയങ്ങളിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികളുമടങ്ങുന്ന സംഘം അവതരിപ്പിക്കുന്ന നൃത്തശില്പം ഉദ്ഘാടന ചടങ്ങിലെ വേറിട്ട കാഴ്ചയാകും. വയനാട് മുണ്ടക്കൈ ദുരന്തത്തിൽ തകരുകയും 33 കുട്ടികൾ മരിക്കുകയും ചെയ്ത വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന അതിജീവനത്തിന്റെ നൃത്തച്ചുവടുകളും ഉദ്ഘാടന വേദിയിൽ നടക്കും. ചരിത്രത്തിലാദ്യമായി കലോത്സവത്തിലുള്‍പ്പെടുത്തിയ ഗോത്ര ഇനങ്ങളിലൊന്നായ മംഗലംകളി മത്സരം ഇന്ന് രാവിലെ 11നും ഉച്ചയ്ക്ക് മൂന്നിനുമായി കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും.
കലോത്സവത്തിനായി തലസ്ഥാനത്തെത്തിയ ആദ്യ സംഘത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മന്ത്രി ജി ആര്‍ അനില്‍, എം വിൻസന്റ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചു. ഇന്നലെ രാവിലെ ജില്ലാ അതിര്‍ത്തിയിലെത്തിയ, ജേതാക്കള്‍ക്കുള്ള സ്വര്‍ണ കപ്പ് വിവിധയിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം രാത്രി എട്ടോടെ മുഖ്യവേദിയായ സെൻട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി. മന്ത്രി ജി ആര്‍ അനില്‍, എംഎല്‍എമാരായ ആന്റണി രാജു, വി കെ പ്രശാന്ത്, ഐ ബി സതീഷ്, ജി സ്റ്റീഫൻ, മേയര്‍ ആര്യാ രാജേന്ദ്രൻ തുടങ്ങിയവര്‍ പങ്കെടുത്തു.