2017നും 22നും ഇടയില്‍ രാജ്യത്തുണ്ടായത് 1,551 ബലാത്സംഗക്കൊലപാതകങ്ങള്‍. ഉത്തര്‍പ്രദേശിലാണ് ഇത്തരം ക്രൂരസംഭവങ്ങള്‍ ഏറ്റവുമധികം അരങ്ങേറുന്നതെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി) യുടെ കണക്കുകളെ അടിസ്ഥാനപ്പെടുത്തി കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനിഷ്യേറ്റീവ് നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങളില്‍ ശിക്ഷിക്കപ്പെടുന്നത് മൂന്നിലൊന്ന് കേസുകളില്‍ മാത്രമാണെന്നും കണക്കുകള്‍ പറയുന്നു.
ഒരു വര്‍ഷം ശരാശരി 258 ബലാത്സംഗക്കൊലപാതകങ്ങള്‍ ഇന്ത്യയിലുണ്ടാകുന്നു. 2017–2022 കാലയളവില്‍ ഓരോ ആഴ്ചയും ശരാശരി അഞ്ച് ബലാത്സംഗക്കൊലപാതകങ്ങള്‍ (4.9) റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യുപിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ (280), മധ്യപ്രദേശ് (207), അസം (205), മഹാരാഷ്ട്ര (155), കര്‍ണാടക (79) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ബലാത്സംഗ കൊലക്കേസുകളുടെ വിവരം.
ഏറ്റവും കൂടുതല്‍ ബലാത്സംഗക്കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 2018ലും (294) ഏറ്റവും കുറവ് 2020ലുമാണ് (219). 2017ല്‍ ഇത് 223 ആയിരുന്നു. 2019- 283, 2021-284, 2022-248 എന്നിങ്ങനെയാണ് മറ്റുവര്‍ഷങ്ങളിലെ കണക്ക്. 2017 മുതലാണ് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ബലാത്സംഗത്തിനു ശേഷമുള്ള കൊലപാതകങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രത്യേകമായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.
വിചാരണ കോടതികളില്‍ ബലാത്സംഗക്കൊലപാതക കേസുകളുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് കാലത്തുപോലും കുറ്റപത്രത്തിന്റെ നിരക്ക് 90 ശതമാനത്തിന് മുകളിലായിരുന്നു. എന്നാല്‍ 2022ല്‍ ഇത് 84 ശതമാനമായി താഴ്ന്നു. ആറുവര്‍ഷത്തിനിടെ 32–49 ശതമാനം കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാകുന്നില്ലെന്നും കണക്കുകളില്‍ നിന്നും മനസിലാക്കാം.
ആറുവര്‍ഷ കാലയളവില്‍ വെറും 308 ബലാത്സംഗ കൊലക്കേസുകളിലാണ് വിചാരണ പൂര്‍ത്തിയായത്. 200 കേസുകളില്‍ കുറ്റം തെളിയിക്കപ്പെട്ടു. 28 ശതമാനം കേസുകളില്‍ പ്രതികളെ വെറുതെ വിടുകയോ കുറ്റവിമുക്തരാക്കുകയോ ചെയ്തു. ഏറ്റവും കുറച്ച് പേരില്‍ കുറ്റം തെളിയിക്കപ്പെട്ടത് 2017ലാണ്. 2021ല്‍ കുറ്റാരോപിതരില്‍ 75 ശതമാനവും ശിക്ഷിക്കപ്പെട്ടു. 2022 ല്‍ ഇത് 69 ശതമാനമായിരുന്നു. അന്വേഷണം പൂർത്തിയാക്കിയ ശേഷം കുറ്റപത്രത്തിന് പകരം പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് അത്യന്തം ആശങ്കാജനകമാണെന്ന് സിഎച്ച്ആര്‍ഐ ഡയറക്ടര്‍ വെങ്കടേഷ് നായക് പറഞ്ഞു. 140 കേസുകള്‍ ഇത്തരത്തില്‍ പ്രതികളെ കണ്ടെത്താനാകാതെ അന്തിമ റിപ്പോര്‍ട്ട് നല്‍കി അവസാനിപ്പിച്ചു. മതിയായ തെളിവുകളില്ലാത്തതിനാൽ 97 എണ്ണത്തില്‍ അന്വേഷണം അവസാനിപ്പിച്ചതായും സംഘടനയുടെ പഠനം വ്യക്തമാക്കുന്നു.