അമേരിക്കയില്‍ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് സൈനികര്‍ക്ക് പരിക്ക്. സൈന്യത്തിലെ തന്നെ ഉയര്‍ന്ന റാങ്കുള്ള 28കാരനായ കോര്‍ണേലിയസ് റഡ്ഫോര്‍ഡ് ആണ് ആക്രമണത്തിന് പിന്നില്‍ . ജോര്‍ജിയ സംസ്ഥാനത്തെ ഫോര്‍ട്ട് സ്സുവര്‍ട്ട് സൈനിക കേന്ദ്രത്തിലായിരുന്നു ആക്രമണം. ബുധനാഴ്ച്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് വെടിവയ്പ് നടന്നത്. ആര്‍മിയിലെ സര്‍ജന്റായ അക്രമി സഹപ്രവര്‍ത്തകരായ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഇയാള്‍ സ്വന്തം ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ചായിരുന്നു വെടിവെച്ചത്.സൈനികരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം. അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് ഇയാളെ പിടികൂടാനായത്. ഇയാളെ ചോദ്യം ചെയ്യുന്നതായും ആക്രമത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായാണ് അധികൃതര്‍ പറഞ്ഞു.
യുദ്ധമേഖലയില്‍ ഇയാളെ വിന്യസിച്ചിരുന്നില്ലെന്ന് ഇന്‍ഫന്ററി വിഭാഗം ബ്രിഗേഡിയര്‍ ജനറല്‍ ജോണ്‍ ലൂബാസ് പറഞ്ഞു. സൈനികരുടെ ഇടപെടലുണ്ടായതാണ് വലിയ രീതിയിലുള്ള ആള്‍നാശമുണ്ടാവാതിരിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.

