ആലപ്പുഴ എരമല്ലൂരിൽ അഞ്ച് വാഹനങ്ങൾ കൂട്ടി ഇടിച്ച് ആറ് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർമാരായ എരമല്ലൂർ പാലത്തറ ഷിബു (40) കുത്തിയതോട് ചെമ്പടി പറമ്പ് ഷൺമുഖദാസ് (41), ബുള്ളറ്റ് യാത്രികരായ എരമല്ലൂർ സ്വദേശികളായ കണ്ടത്തി പറമ്പിൽ മനോജ് (34), പുലിത്തുത്ത് ലക്ഷം വീട്ടിൽ അമ്പരീഷ് (42) ‚കാൽനട യാത്രിക കോടംതുരുത്ത് പുതുവൻ നികർത്ത് സലീല(57), ഉയരപാത നിർമ്മാണ കമ്പനിയായ അശോകാ ബിൽഡ് കോൺ ജീവനക്കാരനായ ആരിഫ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള മോഹം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചികിത്സക്കായി ഷിബുവിനെ എറണാകുളത്തെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. എരമല്ലൂർ ജംങ്ഷന് തെക്കുഭാഗത്ത് കുട പുറം റോഡിന് സമീപം ഇന്ന് വൈകിട്ട് 3 മണിക്ക് ആയിരുന്നു അപകടം നടന്നത്.
അമിത വേഗതയിൽ എറണാകുളത്തു നിന്ന് വയലാറിലേക്ക് പോകുകയായിരുന്ന ബൊലീറോ വാൻ ആദ്യം ഓട്ടോയാലും പിന്നീട് കാറിലും ഇടിച്ചു. നിയന്ത്രണം തെറ്റിയ കാർ ബുള്ളറ്റ് മോട്ടോർ സൈക്കിളിലും ഓട്ടോയിലും ഇടിച്ചാണ് വാഹനം നിന്നത്. ആദ്യം ഇടിച്ച ഓട്ടോ കുടപുറം റോഡിൽ യാത്രക്കാരെ ഇറക്കി തിരിച്ച് ദേശീയപാതയിൽ എത്തിയപ്പോഴാണ് അപകടം നടന്നത്. രണ്ടാമത്തെ ഓട്ടോ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന്റെ ഇടയിൽ പെട്ടാണ് കാൽ നടയാത്രക്കാരി സലീലക്ക് പരുക്കേറ്റത്.ഉയരപാത നിർമ്മാണ കമ്പിനിയായ അശോകാ ബിൽഡ് കോൺ ജീവനക്കാരനായ ആരിഫ് ഈ പ്രദേശത്ത് ഡ്യൂട്ടിക്ക് നിൽക്കുമ്പോഴണ് അപകടം നടന്നത്.