Site iconSite icon Janayugom Online

അഞ്ച് വര്‍ഷ താങ്ങുവില തള്ളി; കര്‍ഷക സമരം തുടരും

കര്‍ഷക സംഘടനകളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രം മുന്നോട്ട് വെച്ച അഞ്ച് വര്‍ഷ താങ്ങുവില പ്രഖ്യാപനം തള്ളി സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം). ബുധനാഴ്ച ബിജെപി എംപിമാരുടെ വസതിക്ക് മുന്നില്‍ എസ്‌കെഎം ധര്‍ണ നടത്തും. 2021 ഡിസംബര്‍ മാസം സംയുക്ത കിസാന്‍ മോര്‍ച്ചയുമായി ഒപ്പ് വെച്ച കരാര്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ. രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലുള്ള ബികെയുവും നാളെ നാല് സംസ്ഥാനങ്ങളില്‍ ധര്‍ണ നടത്തും. യുപി, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ധര്‍ണ നടത്തുന്നതിനാണ് ബികെയു തീരുമാനം.
താങ്ങുവില, സംഭരണം, കാര്‍ഷിക കടം എഴുതിത്തള്ളല്‍ എന്നിവ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് അടിയന്തരമായി നടപ്പിലാക്കുകയാണ് വേണ്ടതെന്നും പ്രധാന ആവശ്യങ്ങള്‍ വഴിതിരിച്ചുവിടരുതെന്നും എസ്‌കെഎം നേതാക്കള്‍ പറഞ്ഞു. 

അതേസമയം ഇപ്പോഴത്തെ സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര വിഭാഗം) രണ്ടു ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. ഈ വിഭാഗവുമായി ഞായറാഴ്ച രാത്രി നടത്തിയ ചര്‍ച്ചയിലാണ് അഞ്ച് വര്‍ഷത്തേയ്ക്ക് കര്‍ഷകരില്‍ നിന്ന് പയര്‍വര്‍ഗം, പരുത്തിവിള. ചോളം എന്നിവ താങ്ങുവില നല്‍കി സംഭരിക്കാമെന്ന് കേന്ദ്രം വാഗ്ദാനം നല്‍കിയത്. ഇത് രേഖാമൂലം നല്‍കുന്നതിന് തയ്യാറായതുമില്ല.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം പ്രധാന വിഷയങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും കര്‍ഷക താല്പര്യം സംരക്ഷിക്കുന്നതല്ലെന്നും എസ്‌കെഎം നേതാക്കള്‍ അഭിപ്രായപ്പെട്ടു. 23 കാര്‍ഷിക ഉല്പന്നങ്ങള്‍ക്കും താങ്ങുവില പ്രഖ്യാപിക്കുകയും കര്‍ഷകരുടെ ഉല്പന്നം മുഴുവന്‍ സംഭരിക്കുകയും ചെയ്യണമെന്നും അവര്‍ പറഞ്ഞു. 2014 ല്‍ ബിജെപി വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കുകയാണ് വേണ്ടത്. 

എംഎസ് സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശം അനുസരിച്ചുള്ള സംഭരണമാണ് നടപ്പില്‍ വരുത്തേണ്ടത്. അല്ലാതെ കേന്ദ്ര സര്‍ക്കാര്‍ പുതിയതായി അവതരിപ്പിച്ച രീതിയിലുള്ള സംഭരണം കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ല. തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ നാലു തവണ ചര്‍ച്ച നടത്തിയിട്ടും വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട ഇപ്പോഴും വൈമനസ്യം പ്രകടിപ്പിക്കുകയാണ്. കര്‍ഷക പെന്‍ഷന്‍ അനുവദിക്കുക, കാര്‍ഷിക വായ്പ എഴുതിത്തള്ളുക അടക്കമുള്ള മറ്റ് ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. ലഖിംപൂര്‍ഖേരി കര്‍ഷക സമരത്തിന്റെ ഉത്തരവാദിയായ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യം നിരസിച്ചതായും നേതാക്കള്‍ പറഞ്ഞു. 

Eng­lish Summary:Five-year sup­port price dropped; Farm­ers’ strike will continue
You may also like this video

Exit mobile version