2018 മുതല്‍ 2023 ജൂണ്‍ വരെ 1.6 ലക്ഷം ഇന്ത്യക്കാര്‍ കനേഡിയൻ പൗരത്വം സ്വീകരിച്ചതായി കണക്കുകള്‍. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരില്‍ 20 ശതമാനം പേരും കാനഡ ആണ് തെരഞ്ഞെടുക്കുന്നത്. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തെരഞ്ഞെടുക്കുന്ന രാജ്യമാണ് കാനഡ. ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ പ്രിയപ്പെട്ട രാജ്യങ്ങളില്‍ മൂന്നാം സ്ഥാനം ഓസ്ട്രേലിയക്കും നാലാം സ്ഥാനം യുകെയ്ക്കുമാണ്.
ഇക്കാലയളവില്‍ 8.4 ലക്ഷം പേര്‍ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായും 114 വിദേശ രാജ്യങ്ങളില്‍ പൗരത്വം സ്വീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 58 ശതമാനം പേരും തിരഞ്ഞെടുത്തത് യുഎസും കാനഡയുമാണ്. എന്നാല്‍ 2020ലെ കോവിഡ് മഹാമാരി സമയത്ത് വിദേശ പൗരത്വം സ്വീകരിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു.
2018ല്‍ 1.3 ലക്ഷം പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. ഇത് 2022ല്‍ 2.2ലക്ഷമായി ഉയര്‍ന്നു. 2023 പകുതി വരെ 87,000 ഇന്ത്യക്കാര്‍ വിദേശ പൗരത്വം സ്വീകരിച്ചു. ഉയര്‍ന്ന ജീവിത നിലവാരം, കുട്ടികളുടെ വിദ്യാഭ്യാസം, മികച്ച ആരോഗ്യ സേവനം എന്നിവയാണ് മറ്റ് രാജ്യങ്ങള്‍ തിരഞ്ഞെടുക്കാൻ കാരണമാകുന്നതെന്ന് പ്രവാസികാര്യ വിദഗ്ധൻ വിക്രം ഷ്രോഫ് അഭിപ്രായപ്പെട്ടു. കാനഡ, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങള്‍ താമസം, പൗരത്വം എന്നിവയ്ക്കുള്ള അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിലൂടെ വിദേശികളെ ആകര്‍ഷിക്കുന്നതായും ഷ്രോഫ് കൂട്ടിച്ചേര്‍ത്തു. ആറ് ലക്ഷത്തോളം ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ പഠിക്കുന്നുണ്ട്. ഇവരില്‍ പലരും പൗരത്വത്തിനായി അപേക്ഷിച്ചിട്ടുണ്ട്. ഇന്ത്യ‑കാനഡ നയതന്ത്ര ബന്ധത്തിലെ വിള്ളല്‍ വിസ ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടിയും പൗരത്വ നടപടികളും തടസപ്പെടാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കുപ്പെടുന്നുണ്ട്.
English Summary:Five years: 1.6 lakh Indians have acquired Canadian citizenship
You may also like this video