Site iconSite icon Janayugom Online

രാഹുലിനെ കൈവിടാതെ ഒത്തുകളി; സസ്പെന്‍ഷനിലൊതുക്കി

മുതിര്‍ന്ന നേതാക്കളും വനിതാ നേതാക്കളുമടക്കം പൊതുസമൂഹവും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രാഹുലിനെ കൈവിടാതെ കെപിസിസിയുടെ ഒത്തുകളി. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം അവഗണിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള നടപടി കോണ്‍ഗ്രസില്‍ നിന്നുള്ള സസ്പെന്‍ഷനിലൊതുക്കി. രാജിവച്ചാല്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്ന വാദം മറയാക്കിയാണ് രാഹുലിനെ നോവിക്കാതെയുള്ള നീക്കം. എന്നാല്‍ രാഹുലിനെ പേടിച്ചാണ് രാജിയില്ലാത്തതെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ ന്യായീകരണങ്ങളുമായി നേതാക്കള്‍ രംഗത്തെത്തി.
അടുത്ത മാസം ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രാഹുലിന് അവധി നല്‍കിയിരിക്കുകയാണ് കെപിസിസി. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതും കൊല്ലുമെന്ന് ഭീഷണി മുഴക്കിയതുമടക്കം നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും പാര്‍ട്ടി നേതൃത്വത്തില്‍ അന്വേഷണം നടത്താനും നേതാക്കള്‍ തയ്യാറാകുന്നില്ല. ഇതും രാഹുലിനെ രക്ഷിക്കാനെന്നാണ് മറുവിഭാഗത്തിന്റെ കുറ്റപ്പെടുത്തല്‍.
വി എം സുധീരനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കളും ഉമ തോമസും ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ള വനിതാ നേതാക്കളുമെല്ലാം രാഹുല്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കണമെന്ന നിലപാടുകാരായിരുന്നു. യുഡിഎഫ് എംഎല്‍എ കെ കെ രമയും രാഹുലിനെതിരെ നിലപാടെടുത്തു. ഇത്രയും കാലം സംരക്ഷകനായി നിന്ന വി ഡി സതീശന്‍ പോലും, സ്വന്തം ഇമേജ് തകരാതിരിക്കാന്‍ രാഹുലിനെതിരെ തിരിഞ്ഞിരുന്നു. എന്നാല്‍ ഷാഫി പറമ്പില്‍ ഉള്‍പ്പെടെ ചില നേതാക്കളുടെ സമ്മര്‍ദഫലമായാണ് ഇന്നലെ മുഖംരക്ഷിക്കല്‍ നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സൂചന.
പാര്‍ട്ടിക്കോ പൊലീസിലോ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നതാണ് മൃദുനടപടിയില്‍ നേതാക്കളുടെ ന്യായീകരണം. മാതൃകാപരമായ നടപടിയാണ് സ്വീകരിച്ചതെന്നും രാജിയുണ്ടാകുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നുമായിരുന്നു വി ഡി സതീശന്റെ വാദം. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ യാതൊരു യുക്തിയുമില്ലെന്ന് സണ്ണി ജോസഫും പറഞ്ഞു. അങ്ങനെയൊരു പാരമ്പര്യം കേരളത്തിനില്ലെന്നായിരുന്നു സണ്ണിയുടെ വാദം. അതിനിടെ ഉമ തോമസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് കോണ്‍ഗ്രസ് അണികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതേ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എങ്ങുംതൊടാതെയുള്ള മറുപടിയാണ് നേതാക്കളെല്ലാം നല്‍കുന്നതും.

Exit mobile version