Site iconSite icon Janayugom Online

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു

സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു. കണിയാപുരം രാമചന്ദ്രന്‍ നഗറില്‍ (പുത്തരിക്കണ്ടം മൈതാനം) മുതിര്‍ന്ന നേതാവ് ജെ വേണുഗോപാലന്‍നായര്‍ പതാക ഉയര്‍ത്തി. തുടർന്ന് സാംസ്കാരിക സമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി. കവി കുരീപ്പുഴ ശ്രീകുമാർ, വി പി ഉണ്ണികൃഷ്ണൻ, ജയശ്ചന്ദ്രൻ കല്ലിങ്കൽ തുടങ്ങിയവർ സംസാരിച്ചു. കെ പി ഗോപകുമാര്‍ അധ്യക്ഷനായി. എ എം റൈസ് സ്വാഗതം പറഞ്ഞു. 

നെടുമങ്ങാട് പി എം സുൽത്താൻ സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിച്ച പതാക ജാഥ വി ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മീനാങ്കല്‍ കുമാര്‍ ക്യാപ്റ്റനും കണ്ണന്‍ എസ് ലാല്‍ വൈസ് ക്യാപ്റ്റനും പി എസ് ഷെരീഫ് ഡയറക്ടറുമായിരുന്നു. നെയ്യാറ്റിന്‍കര കെ കെ ശ്രീധറിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് എ എസ് ആനന്ദ കുമാര്‍ ക്യാപ്റ്റനും കെ എസ് മധുസൂദനന്‍ നായര്‍ വൈസ് ക്യാപ്റ്റനും ജി എന്‍ ശ്രീകുമാരന്‍ ഡയറക്ടറുമായ ബാനര്‍ ജാഥ പി കെ രാജു ഉദ്ഘാടനം ചെയ്തു. ചാക്കയിലെ എൻ അരവിന്ദൻ സ്മൃതി മണ്ഡപത്തില്‍ കൊടിമര ജാഥ പള്ളിച്ചല്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. രാഖി രവികുമാര്‍ ക്യാപ്റ്റനും വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍ വൈസ് ക്യാപ്റ്റനും ടി എസ് ബിനുകുമാര്‍ ഡയറക്ടറുമായിരുന്നു. പതാക ദേശീയ കൗണ്‍സില്‍ അംഗം ജി ആര്‍ അനിലും ബാനര്‍ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും കൊടിമരം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍ രാജനും ഏറ്റുവാങ്ങി. 

ഇന്ന് വൈകിട്ട് റെഡ് വോളണ്ടിയർ മാർച്ചും അരലക്ഷം പേരുടെ ബഹുജനറാലിയും നടക്കും. വെളിയം ഭാർഗവൻ നഗറിൽ (പുത്തരിക്കണ്ടം മൈതാനം) പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ രാജൻ തുടങ്ങിയവർ സംസാരിക്കും. പ്രതിനിധി സമ്മേളനം നാളെ കാനം രാജേന്ദ്രൻ നഗറില്‍ (വഴുതക്കാട് ടാഗോർ തിയേറ്റര്‍) ആരംഭിക്കും. ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജി ആർ അനിൽ, ജെ ചിഞ്ചുറാണി, നേതാക്കളായ സത്യൻ മൊകേരി, രാജാജി മാത്യു തോമസ്, കെ ആർ ചന്ദ്രമോഹൻ, സി പി മുരളി തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ 17 മണ്ഡലങ്ങളിൽ നിന്നായി 410 പ്രതിനിധികൾ പങ്കെടുക്കും. ഒമ്പതിന് വൈകിട്ട് സമാപിക്കും. 

Exit mobile version