Site icon Janayugom Online

എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് — ബിജെപി സംയുക്ത ശ്രമം: പന്ന്യന്‍ രവീന്ദ്രന്‍

CPI

സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് നെടുമങ്ങാട് പി എം സുല്‍ത്താന്‍ നഗറില്‍ പതാക ഉയര്‍ന്നു. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കൊണ്ടുവന്ന പതാക, ബാനര്‍, കൊടിമരം, ദീപശിഖ എന്നിവ സമ്മേളന നഗറില്‍ ഏറ്റുവാങ്ങിയ ശേഷം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനാണ് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് പൊതു സമ്മേളനം കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസും ബിജെപിയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സംയുക്ത ശ്രമത്തിലാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ വാഗ്ദാനങ്ങളെല്ലാം മറക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്നതെന്നും പന്ന്യന്‍ പറഞ്ഞു. യുവാക്കള്‍ക്ക് പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ നല്‍കുമെന്നതുള്‍പ്പെടെ എത്രയെത്ര വാഗ്ദാനങ്ങളാണ് ബിജെപി നല്‍കിയത്. ഇപ്പോഴത്തെ അവസ്ഥയെന്താണ്? ഉണ്ടായിരുന്ന തൊഴിലുകള്‍ കൂടി ഇല്ലാതാക്കുന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. ബോബനും മോളിയും പോലെ മോഡിയുടെ കൂടെ എല്ലാ സമയത്തും ഉണ്ടാകുന്നയാളാണ് അഡാനി. ആ അഡാനി ലോകത്തെ ഏറ്റവും വലിയ സമ്പന്നന്മാരില്‍ ഒരാളായി വളര്‍ന്നു.
മുതലാളിമാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് കേന്ദ്ര സര്‍ക്കാര്‍. കെ ഫോണ്‍ ഉള്‍പ്പെടെയുള്ള നിരവധിയായ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മുതലാളിമാര്‍ക്ക് വിഷമമുണ്ടാക്കുന്നവയാണ്. മുതലാളിമാര്‍ക്ക് വിഷമമുണ്ടായാല്‍ മോഡിക്ക് നോവും. മുതലാളിയില്ലെങ്കില്‍ മോഡിയില്ല എന്നതാണ് അതിന്റെ കാരണം. ഇതിന്റെ പേരിലാണ് സംസ്ഥാന സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കാനും തകര്‍ക്കാനുമുള്ള നിലപാടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നതെന്നും പന്ന്യന്‍ പറഞ്ഞു. മാങ്കോട് രാധാകൃഷ്ണന്‍ അധ്യക്ഷനായി. പാട്ടത്തില്‍ ഷെരീഫ് സ്വാഗതവും പി എസ് ഷൗക്കത്ത് നന്ദിയും പറഞ്ഞു.
ഇന്നും നാളെയുമായി എം സുജനപ്രിയന്‍ നഗറില്‍ പ്രതിനിധി സമ്മേളനം നടക്കും. ഇന്ന് രാവിലെ പത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍, സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, എക്സിക്യൂട്ടിവ് അംഗം സി ദിവാകരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Eng­lish Sum­ma­ry: Flag hoist­ed for Thiru­vanan­tha­pu­ram Dis­trict Con­fer­ence; Con­gress-BJP joint effort to top­ple LDF gov­ern­ment: Pan­nyan Ravindran

You may like this video also

Exit mobile version