മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം 40 ബാഗുകൾ മുംബൈ വിമാനത്താവളത്തിൽ തന്നെ വെച്ച ശേഷമാണ് പറന്നുയര്‍ന്നത്. യാത്രക്കാർ സുരക്ഷിതമായി ഡൽഹിയിൽ എത്തിയെങ്കിലും ഇത്രയും അധികം ബാഗുകൾ വിമാനത്താവളത്തിൽ തന്നെ അവശേഷിപ്പിച്ചാണ് വിമാനം എത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.26‑ന് മുംബൈയിൽ നിന്ന് പുറപ്പെട്ട AI 2677 എന്ന വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്. നിശ്ചയിച്ച സമയത്തേക്കാൾ 20 മിനിറ്റ് വൈകിയാണ് മുംബൈയിൽ നിന്ന് വിമാനം പുറപ്പെട്ടതെങ്കിലും, ഉച്ചയ്ക്ക് 3.08‑ന് അതായത് നിശ്ചിത സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് തന്നെ വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തിരുന്നു. വിമാനം നേരത്തെ എത്തിയതിലുള്ള സന്തോഷത്തിലായിരുന്ന യാത്രക്കാർ ബാഗേജ് ബെൽറ്റിന് സമീപം എത്തിയപ്പോഴാണ് പലരുടെയും ബാഗുകൾ വിമാനത്തിൽ എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്.
ഒരു മുഴുവൻ കാർഗോ കണ്ടെയ്നറും വിമാനത്തിൽ കയറ്റാൻ വിട്ടുപോയതാണെന്നാണ് പിന്നീടാണ് മനസിലാക്കിയത്. അപ്രതീക്ഷിതമായ സാങ്കേതിക തകരാറുകൾ മൂലമാണ് ബാഗുകൾ മുംബൈയിൽ തന്നെ ഇരിക്കേണ്ടി വന്നതെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ യാത്രക്കാരെ അറിയിച്ചെങ്കിലും, തകരാറിന്റെ കൃത്യമായ സ്വഭാവത്തെക്കുറിച്ച് കൂടുതൽ വ്യക്തത നൽകാൻ അധികൃതർ തയ്യാറായില്ല.
അതേസമയം സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിമാനത്താവളത്തിലെ ബാഗേജ് കറൗസലിന് മുന്നിൽ തങ്ങളുടെ സാധനങ്ങൾക്കായി കാത്തുനിന്ന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്.

