ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ തടഞ്ഞ എയര്‍ബസ് എ340 വിമാനം 276 യാത്രക്കാരുമായി തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് വിമാനം മുംബൈയിലെത്തിയത്. നാല് ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം പ്രദേശിക സമയം ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് പാരിസിന് സമീപമുള്ള വാട്രി വിമാനത്താവളത്തില്‍ നിന്ന് റൊമാനിയന്‍ കമ്പനിയുടെ വിമാനം പറന്നുയര്‍ന്നത്.
യുഎഇയിലെ ദുബായിയില്‍ നിന്നാണ് 303 യാത്രക്കാരുമായി വിമാനം നിക്കരാഗ്വയിലേക്ക് പറന്നത്. എന്നാല്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഫ്രാന്‍സില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മനുഷ്യക്കടത്ത് സംശയിച്ച് അന്വേഷണം ശക്തമാക്കിയത്. യാത്രക്കാര്‍ ആരും രണ്ടില്‍ അധികം ബാഗ് കൈയില്‍ കരുതിയിരുന്നില്ല. വിമാനത്താവളത്തിലെ ചെക്ക്ഡ് ഇന്‍ ലഗേജിലുണ്ടാകുന്ന പതിവ് ടാഗുകളും ഇതിലുണ്ടായിരുന്നില്ല. തുടര്‍ന്ന് രണ്ട് പേരെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. 25 യാത്രക്കാര്‍ ഫ്രാന്‍സില്‍ അഭയം തേടി. ഇതില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കൂടുതല്‍ പേരും ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നാണെന്നും വിവരങ്ങളുണ്ട്. കുടിയേറ്റ വിഭാഗവും സിബിഐയും യാത്രക്കാരെ ചോദ്യം ചെയ്തുവെന്നാണ് വിവരങ്ങള്‍.
വിമാനത്തിന്റെ നിക്കരാഗ്വയിലേക്കുള്ള യാത്രയാണ് സംശയം ജനിപ്പിച്ചത്. യുഎസിലേക്ക് ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റം നടക്കുന്ന മധ്യ അമേരിക്കൻ രാജ്യമാണ് നിക്കരാഗ്വ. ഇവിടെയെത്തി യുഎസിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ അറിയിച്ചിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 96,917 ഇന്ത്യക്കാരാണ് അനധികൃതമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 51.61 ശതമാനം കൂടുതലാണിത്.
English Summary: Flight intercepted on suspicion of human trafficking arrives in Mumbai
You may also like this video