Site iconSite icon Janayugom Online

രാജ്യത്തെ വിമാന യാത്രാനിരക്ക് അന്യായം; പാര്‍ലമെന്ററി സമിതി

രാജ്യത്തെ വിമാന യാത്രാനിരക്ക് അന്യായമെന്ന് വിലയിരുത്തി പാര്‍ലമെന്ററി സമിതി. വിമാനത്താവളങ്ങളില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നത് കുറഞ്ഞ ചെലവിലായിരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. ആഡംബരങ്ങള്‍ ഒഴിവാക്കണമെന്നും സമിതി അഭിപ്രായപ്പെട്ടു. കേരളസര്‍ക്കാരും പ്രവാസി സംഘടനകളും ഏറെക്കാലമായി ഉയര്‍ത്തിക്കാട്ടുന്ന വിഷയത്തിലാണ് പാര്‍ലമെന്ററി സമിതിയുടെയും രൂക്ഷവിമര്‍ശനം. യാത്രാ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാൻപറ്റുന്ന തരത്തിലായിരിക്കണം. നമ്മുടേത് ഒരു വികസ്വര രാജ്യമായതിനാല്‍ ഏഷ്യാ-പസഫിക്ക് മേഖലയിലെ മറ്റ് വിമാനത്താവളങ്ങള്‍ക്കനുസൃതവും താങ്ങാവുന്നതുമായിരിക്കണം യാത്രാനിരക്കുകളെന്നും സമിതി അഭിപ്രായപ്പെട്ടു.

കാലത്തിനും സമ്പദ് വളര്‍ച്ചയ്ക്കും അനുസൃതമായി വിമാന യാത്രകള്‍ വര്‍ധിക്കുമെന്നും ബിജെഡി രാജ്യസഭാ എംപി സുജിത് കുമാറിന്റെ അധ്യക്ഷതയിലുള്ള സമിതി വിലയിരുത്തി. ദേശീയ വ്യോമയാന നയമനുസരിച്ച് താങ്ങാവുന്നതും സുസ്ഥിരവുമായിരിക്കണം വ്യോമഗതാഗതം. മറ്റ് കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതില്ലെന്നും യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളാണ് മുഖ്യമെന്നും രാജ്യസഭയുടെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടില്‍ സമിതി ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിമാനത്താവളങ്ങളെ എത്തിക്കുമെന്നതും വിദേശ നിക്ഷേപം വര്‍ധിക്കുമെന്നതും അംഗീകരിക്കുന്നു.

എന്നാല്‍ സുഖകരമായതും തടസരഹിതവുമായ യാത്രയാണ് നല്‍കേണ്ടത്, ആഡംബരങ്ങളല്ലെന്ന് സമിതി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ആഭ്യന്തര-അന്താരാഷ്ട്ര വിമാന യാത്രാ നിരക്കുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന് അന്താരാഷ്ട്ര വിമാനത്താവള കൗണ്‍സില്‍(എസിഐ) നേരത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഏഷ്യാ-പസഫിക്, പശ്ചിമേഷ്യ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നിരക്ക് ഉയര്‍ന്നത് ഇന്ത്യയിലാണെന്നും (40 ശതമാനം) എസിഐ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റില്‍ സെപ്റ്റംബര്‍ മുതല്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

കേരളത്തിലേക്ക് കൊള്ളയടി

കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടി കൂട്ടിയെന്ന് പ്രവാസികള്‍ പരാതിപ്പെടുന്നു. മുംബൈയിൽ നിന്നും 19,000 രൂപയ്ക്ക് ടിക്കറ്റ് കിട്ടുമ്പോൾ കേരളത്തിലേക്ക് 78,000 രൂപ വരെയാണ് ഈടാക്കുന്നത്. വിഷയത്തിൽ കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ ഇടപെടാത്തതിൽ പ്രതിഷേധത്തിലാണ് പ്രവാസി മലയാളികൾ. നേരത്തെ രാജ്യസഭയില്‍ സിപിഐ അംഗം പി സന്തോഷ്‌കുമാറിന്റെ ചോദ്യത്തിനുളള മറുപടിയില്‍ യാത്രാക്കൂലി നിശ്ചയിക്കുന്നത് കമ്പനികളാണെന്നും ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള അധികാരം യുപിഎ ഭരണകാലത്താണ് കേന്ദ്ര സർക്കാൻ വിമാനക്കമ്പനികൾക്ക് വിട്ടുനൽകിയത്. പ്രവാസികളെ പിഴിയുന്ന നിരക്ക് വർധനയുണ്ടായിട്ടും വിഷയത്തിൽ ഇടപെടാൻ കേന്ദ്രം തയ്യാറാകുന്നില്ല.

Eng­lish Sum­ma­ry: flight tick­et rates increased
You may also like this video

Exit mobile version