Site iconSite icon Janayugom Online

സംസ്ഥാനത്ത് പ്രളയ — ഉരുൾപൊട്ടൽ രക്ഷാപ്രവര്‍ത്തന മോക്ക്ഡ്രിൽ

കേരളത്തിലെ പ്രളയ-ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശാനുസരണം മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. 14 ജില്ലകളും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകളും മോക്ക്ഡ്രില്ലിൽ പങ്കെടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ പ്രളയ സാധ്യത മോക്ക് ഡ്രില്ലും കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത മോക്ക്ഡ്രില്ലുമാണ് ആസൂത്രണം ചെയ്തത്. തൃശൂർ, പത്തനംതിട്ട ജില്ലകളിൽ പ്രളയത്തോടൊപ്പം അണക്കെട്ടുകളിൽ നിന്ന് അധിക ജലം ഒഴുക്കി വിടുന്ന സാഹചര്യം കൂടി ഉൾപ്പെടുത്തിയാണ് മോക്ക്ഡ്രിൽ ആസൂത്രണം ചെയ്തത്. എറണാകുളം, തൃശൂർ ജില്ലകളിൽ പ്രളയത്തിൽ വ്യവസായ ശാലകളിൽ നിന്നുള്ള വിഷപദാർത്ഥങ്ങൾ ലീക്ക് ചെയ്യുന്ന സാഹചര്യത്തെയും മോക്ക്ഡ്രില്ലിൽ ഉൾപ്പെടുത്തിയിരുന്നു. 

ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കൺട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങൾ വിലയിരുത്തിയിരുന്നു. തിരുവനന്തപുരം ഉൾപ്പെടെ എല്ലാ ജില്ലകളിലും അതിതീവ്ര മഴയും റെഡ് അലർട്ടും പ്രഖ്യാപിക്കപ്പെട്ട സാഹചര്യം സൃഷ്ടിച്ചാണ് മോക് ഡ്രിൽ നടത്തിയത്. 

താലൂക്ക് തലങ്ങളിലും ജില്ലാ തലത്തിലും രൂപീകരിച്ച ദുരന്ത പ്രതികരണ സേനയുടെ (ഇൻസിഡന്റ് റെസ്പോൺസ് ടീം) ഇൻസിഡന്റ് കമാൻഡ് പോസ്റ്റ്, എമർജൻസ് ഓപ്പറേഷൻ സെന്ററുകൾ വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. താലൂക്ക് തലങ്ങളിൽ രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ, ആംബുലൻസുകൾ, ആശുപത്രി സൗകര്യം തുടങ്ങിയവ മോക് ഡ്രില്ലിന്റെ ഭാഗമായി സജ്ജമാക്കിയിരുന്നു. കളക്ടറേറ്റിൽ സജ്ജമാക്കിയ ജില്ലാതല കൺട്രോൾ റൂമിൽ പ്രവർത്തനങ്ങൾ വിലയിരുത്താൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രതിനിധി നിരീക്ഷകനായി എത്തി. മോക്ഡ്രിൽ സംഘടിപ്പിച്ച കേന്ദ്രങ്ങളും പ്രത്യേക നിരീക്ഷകൻ സന്ദർശിച്ചു. 

Eng­lish Summary;Flood and land­slide res­cue mock drill in the state
You may also like this video

Exit mobile version