പ്രളയത്തി ല്‍ പാകിസ്ഥാന് 1800 കോടി ഡോളര്‍ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ 1250 കോടി ഡോളറിന്റെ നഷ്ടമായിരുന്നു പാക് സര്‍ക്കാര്‍ കണക്കായിരുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാര്‍ഷിക മേഖലയും ഗുരുതര തിരിച്ചടി നേരിട്ടു. 3.3 കോടിയിലധികം ആളുകളെ പ്രളയം ബാധിച്ചു. 8.25 ദശലക്ഷം ഏക്കറിലെ കൃഷി നശിച്ചത് സാമ്പത്തിക നഷ്ടം കൂടുതല്‍ വര്‍ധിപ്പിച്ചതായി ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. പരുത്തി, നെല്ല്,ഗോതമ്പ് ഉള്‍പ്പെടെയുള്ള വിളകള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചു. ശരിയായ രീതിയില്‍ ജലസേചനം നടത്തിയില്ലെങ്കില്‍ ഗോതമ്പ് വിതയ്ക്കുന്നതില്‍ പ്രതിസന്ധി നേരിടും. ദാരിദ്ര്യവും തൊഴിലില്ലായ്മയും 21.9 ശതമാനത്തില്‍ നിന്ന് 36 ശതമാനത്തിലേറെയായി ഉയരും. വെള്ളപ്പൊക്കത്തിനു ശേഷം 118 ജില്ലകളിലെ 37 ശതമാനം ജനങ്ങളും ദാരിദ്ര്യത്തിന്റെ പിടിയിലായതായാണ് പാക് സര്‍ക്കാരിന്റെ കണക്ക്.
വെള്ളപ്പൊക്കവും ഉക്രെയ്‍ന്‍ സംഘര്‍ഷവും 2022–23 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി കുറയ്ക്കും എന്നാണ് പ്രവചനം. പ്രളയം, അന്താരാഷ്ട്ര നാണയ നിധി ഫണ്ടുകളുടെ കാലതാമസം എന്നിവ കാരണം മൊത്ത ആഭ്യന്തര ഉല്പാദന വളര്‍ച്ചാ നിരക്കില്‍ രണ്ട് ശതമാനം കുറവുണ്ടാകുമെന്ന് നാഷണല്‍ ഫ്ലഡ് റെസ്‍പോണ്‍സ് ആന്റ് കോര്‍ഡിനേഷന്‍ സെന്റര്‍ ചെയര്‍മാന്‍ മേജര്‍ ജനറല്‍ സഫര്‍ ഇഖ്ബാന്‍ പറഞ്ഞിരുന്നു. സാമ്പത്തിക നഷ്ടം ലഘൂകരിക്കാനുള്ള സഹായപദ്ധതികളുടെ വിനിയോഗത്തിന് ഫലപ്രദമായ സംവിധാനവും രൂപരേഖയും തയാറാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
പ്രളയബാധിത പ്രവിശ്യകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ ഇതുവരെ 1396 പേര്‍ മരിച്ചതായാണ് ദുരന്ത നിവാരണ സേനയുടെ റിപ്പോ ര്‍ട്ടുകള്‍. 12,700 പേര്‍ക്ക് പരിക്കേറ്റു. ആകെ 81 ജില്ലകളാണ് ദുരന്ത ബാധിത മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ളത്. ബലൂചിസ്ഥാനില്‍ 32, സിന്ധില്‍ 23, പഖ്തുണ്‍ഖയില്‍ 17 എന്നിങ്ങനെയാണ് ദുരന്തബാധിത മേഖലകള്‍.
English Summary:Flood: Economic loss of 18 billion dollars to Pakistan
You may also like this video