Site icon Janayugom Online

പ്രളയത്തിൽ മുങ്ങി അസം; ആയിരത്തിലേറെ ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ

അസമില്‍ പ്രളയക്കെടുതിയില്‍ വന്‍ നാശനഷ്ടം. ആറുലക്ഷംപേരെ മഴക്കെടുതി ബാധിച്ചു. ഒമ്പത് മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേരെ കാണാനില്ല. അഞ്ച് ദിവസമായി അസമില്‍ അതിശക്തമായ മഴ തുടരുകയാണ്.

സംസ്ഥാനത്തെ 27 ജില്ലകളെ പ്രളയം പൂര്‍ണമായും ബാധിച്ചിട്ടുണ്ട്. 1089 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. നിരവധി ഗ്രാമീണ മേഖലകള്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. പലയിടത്തും മണ്ണിടിച്ചിലുണ്ടായത് പ്രതിസന്ധി ഇരട്ടിയാക്കി. കാച്ചർ, ഉദൽഗുരി, ദിമ ഹസാവോ, നാഗാവ്, ലഖിംപൂർ, ഹോജായ് തുടങ്ങിയ ജില്ലകളെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്.

പ്രളയബാധിത പ്രദേശങ്ങളില്‍ അവശ്യസാധനങ്ങളുടെ വിതരണം നിലനിര്‍ത്താനും ആശയവിനിമയ മാര്‍ഗങ്ങള്‍ പുനഃസ്ഥാപിക്കാനുമുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. കരസേന, എന്‍ഡിആര്‍എഫ്, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് എന്നിവര്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

പ്രളയക്കെടുതിയില്‍ അഞ്ച് ലക്ഷം പേര്‍ക്ക് വീട് നഷ്ടമായി. റോഡ്, റെയില്‍വേ ട്രാക്കുകള്‍ എന്നിവ ഒലിച്ചുപോയി. നാഗോന്‍ ജില്ലയിലെ കത്തിയപൂര്‍-കതൈതലി റോഡ് ഒലിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മലയോര ജില്ലയായ ദിമാ ഹസാവോ പൂര്‍ണമായും ഒറ്റപെട്ടു. അമ്പതിനായിരത്തോളം ആളുകളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ബരാക് ഉള്‍പ്പെടെ ഏഴ് നദികളിലെ ജലനിരപ്പ് അപകടനിലയെക്കാള്‍ മുകളിലാണെന്നും അതീവ ഗുരുതര സാഹചര്യം നിലനില്‍ക്കുന്നതായും കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് അതി തീവ്ര മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുരയിലും മിസോറാമിലും മണിപ്പൂരിലും മേഘാലയയിലും അതിശക്തമായ മഴ തുടരുന്നുണ്ട്.

Eng­lish summary;flood in assam

You may also like this video;

Exit mobile version