Site iconSite icon Janayugom Online

പാകിസ്ഥാനില്‍ വെള്ളപ്പൊക്കം; ഒരു കുടുംബത്തിലെ എട്ട് പേര്‍ മുങ്ങിമരിച്ചു

ഖൈബർ പഖ്തൂൺഖിയിലെ സ്വാത് നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ മുങ്ങിമരിച്ചതായി റിപ്പോർട്ട്. വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. ഇതുവരെ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിലായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്, റെസ്‌ക്യൂ 1122 ലെ 80 ഉദ്യോഗസ്ഥർ തിരച്ചിൽ പ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് റെസ്‌ക്യൂ 1122 ഡയറക്ടർ ജനറൽ ഷാ ഫഹദ് പത്രക്കുറിപ്പിൽ പറഞ്ഞു. സ്വാത് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പ്രദേശങ്ങൾ മുങ്ങിയതായും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായും അധികൃതർ അറിയിച്ചു. 

സ്വാത് നദിയിൽ മിന്നൽപ്രളയത്തിനുള്ള സാധ്യത മുന്നറിയിപ്പ് സർക്കാർ നേരത്തെ പുറപ്പെടുവിച്ചിരുന്നു. വരുംദിവസങ്ങളിലും മഴക്കാല മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ജൂലായ് മുതൽ സെപ്റ്റംബർ വരെയാണ് പാകിസ്ഥാനിലെ പ്രതിവർഷ മൺസൂൺ കാലയളവ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലും ജലാശയങ്ങൾക്കും സമീപമുള്ള സുരക്ഷ വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിർദേശം നൽകിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ അടക്കം മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

Exit mobile version