Site iconSite icon Janayugom Online

കരപ്പുറത്തെ പൂവസന്തത്തിന് ഏഴഴക്; കർഷക കൂട്ടായ്മയിൽ പൂത്തുലഞ്ഞ് എണ്ണമറ്റ പൂപ്പാടങ്ങൾ

flowerflower

ആലപ്പുഴയിലെ കഞ്ഞിക്കുഴിയും ചേർത്തല തെക്ക് പഞ്ചായത്തും ഉൾപ്പെടുന്ന കരപ്പുറത്തെ പൂ വസന്തത്തിന് ഏഴഴക്. പൂക്കളങ്ങളിൽ നിറയ്‌ക്കാനുള്ള വിവിധങ്ങളായ പുക്കൾ കൃഷിയിടങ്ങളിൽ വിരിഞ്ഞു നിൽക്കുകയാണ്. വിവിധ കൃഷിക്കൂട്ടങ്ങളുടെ നേതൃത്വത്തിലാണ് ഇവിടെ പൂകൃഷി ആരംഭിച്ചത്. മുൻപൊക്കെ പൂക്കളമിടാൻ വലിയ ചെലവായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിവരുന്നുണ്ട്. 

തമിഴ്‌നാടിനെയും കർണ്ണാടകയെയും പോലുള്ള സംസ്ഥാനങ്ങളെ പൂക്കൾക്കായി ആശ്രയിച്ചിരുന്ന കാലമൊക്കെ പതുക്കെ കടന്നുപോവുകയാണ്. ബന്തിയും വാടമല്ലിയും തുമ്പയും തുളസിയുമെല്ലാം നാട്ടിൽ തന്നെ കൃഷിചെയ്ത് മികച്ച വരുമാനം ഉണ്ടാക്കുകയാണ് കർഷകർ. വിഷരഹിത പച്ചക്കറികൾ മാത്രമല്ല വർണ്ണ വൈവിധ്യങ്ങളായ ഒരു പൂപ്പാടം തന്നെ അണിയിച്ചൊരുക്കാനും ഇവർ ഇന്ന് പ്രാപ്തരാണ്. കൃഷിവകുപ്പിന്റെയും പ്രാദേശീക ഭരണകൂടങ്ങളുടെയും പിന്തുണയോടെ കർഷകർ ഇവിടെ കൃഷി ചെയ്ത് വരുന്നത്. 

ആലപ്പുഴ ജില്ലാ പഞ്ചായത്തും ചേർത്തല തെക്ക് കൃഷിഭവനും ചേർന്ന് നടത്തുന്ന ആവണിപ്പാടം പദ്ധതിക്കു കീഴിലാണ് തിരുവിഴ ദേവസ്വത്തിന്റെ മൂന്നേക്കറിൽ പൂപ്പാടം ഒരുക്കിയിരിക്കുന്നത്. ജോതിഷ്, അനിൽലാൽ, ശരണ്യ, അഭിലാഷ്, ദീപങ്കർ, പ്രദീഷ്, ജോയ് തുടങ്ങി 10 കർഷകരുടെ കൃഷിക്കൂട്ടമാണ് ഇവിടത്തെ കൃഷിക്ക് നേതൃത്വം നൽകുന്നത്. ഓണത്തിന് പച്ചക്കറികളും പൂക്കളും വിളയുന്ന ഇവിടെ മൂന്നു മാസം മുമ്പേ കൃഷി തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം ചെയ്തതിന്റെ ഇരട്ടിസ്ഥലത്താണ് ഇപ്പോഴുള്ളകൃഷി.
മായിത്തറയിലെ നാട്ടുകർഷകരിൽ പ്രമുഖനായ വി പി സുനിലിനുമുണ്ട് വിശലാമായ പൂപ്പാടം. പൂകൃഷിയിൽ ഇത്തവണ മൂന്നു ടൺ വിളവാണ് വി പി സുനിൽ പ്രതീക്ഷിക്കുന്നത്. രണ്ടരയേക്കറിൽ പൂകൃഷി, ബാക്കിസ്ഥലത്ത് പന്തലുകളിൽ പാവലും പടവലവും പീച്ചിലുമെല്ലാം ഓണസദ്യയൊരുക്കാൻ റെഡിയായി നിൽക്കുന്നു. ജൂലൈ അഞ്ചിനാണ് രണ്ടരയേക്കറിൽ ബന്ദിയും വാടമുല്ലയും തുമ്പയും സുനിൽ നട്ടത്. നാലു വർഷമായി പച്ചക്കറികൾക്കൊപ്പം ഇദ്ദേഹം പൂകൃഷിയും ചെയ്യുന്നു. 

‘കഞ്ഞിക്കുഴി പുഷ്പോത്സവം’ എന്ന പേരിൽ അടുത്ത വർഷം മുതൽ വിപുലമായ തോതിൽ പൂപ്പാടങ്ങൾ ഒരുക്കാനാണ് കർഷകരുടെ ശ്രമം. അതിന് കഞ്ഞിക്കുഴി പഞ്ചായത്ത് വേണ്ട സഹായവും കർഷകർക്ക് ലഭ്യമാക്കും. അതേസമയം, പൂ കൃഷിയിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈമാറാനാണ് കർഷകർ തീരുമാനിച്ചിരിക്കുന്നത്. 

Exit mobile version