ഓണത്തിന് പൂക്കളമൊരുക്കാൻ അതിർത്തി കടന്നാണ് എല്ലാ വർഷവും പൂക്കളെത്തുന്നത്. എന്നാല്‍ ഇത്തവണ നാടിന്റെ അത്തപ്പൂക്കളത്തിൽ പെരുമണ്ണയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പൂക്കളും ഉണ്ടാവും. ഓണക്കാലം ലക്ഷ്യമിട്ട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ഒരുക്കിയ പൂക്കൃഷിയിൽ ചെട്ടിയും വാടാർമല്ലിയും വിളവെടുപ്പിനൊരുങ്ങി.
സംസ്ഥാന സർക്കാരിന്റെ എല്ലാവരും കൃഷിയിലേക്ക് പദ്ധതിയുടെയും ഗ്രാമപഞ്ചായത്തിന്റെ തരിശുരഹിത പഞ്ചായത്ത് പദ്ധതിയുടെയും ഭാഗമായാണ് പുതിയേടത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ഒരേക്കറിൽ പൂക്കൃഷിയൊരുക്കിയത്.
15 തൊഴിലുറപ്പ് തൊഴിലാളികൾ ആയിരം രൂപ വീതമെടുത്താണ് മെയ് മാസത്തിൽ കൃഷി തുടങ്ങിയത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ ദിനങ്ങളായി പരിഗണിച്ചാണ് കൃഷിയുടെ പരിപാലനം നടപ്പാക്കിയത്. ബംഗളൂരുവിൽ നിന്നെത്തിച്ച വിത്ത് മുളപ്പിച്ച് നാലായിരത്തോളം ചെടികളാണ് നട്ടുപിടിപ്പിച്ചത്. ജൈവവളങ്ങൾ ഉപയോഗിച്ചാണ് കൃഷിയെ സമ്പുഷ്ടമാക്കിയതെന്ന് പരിപാടിക്ക് നേതൃത്വം നൽകിയ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എ എം പ്രതീഷ് പറഞ്ഞു.
പൂക്കൾ പൊതുവിപണിയിലേക്കാൾ വില കുറച്ചാണ് വിൽപ്പന നടത്തുക. ഇതിനോടകം നിരവധി പേർ മുൻകൂട്ടി ആവശ്യം അറിയിച്ചിട്ടുണ്ട്. വിഷുക്കാലത്ത് തരിശുഭൂമി വൃത്തിയാക്കി ഒരുക്കിയ പച്ചക്കറി കൃഷിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പൂക്കൃഷി ആരംഭിച്ചത്. വരും വർഷങ്ങളിൽ കൂടുതലിടങ്ങളിലേക്ക് കൃഷി വ്യാപിക്കാനാണ് തീരുമാനമെന്നും പൂക്കൃഷിയെ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
English Summary: Flowering in Perumanna to prepare flowers for Onam
You may like this video also