“വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!”
കുരുക്ഷേത്രഭൂമിയില്‍ ഉയര്‍ന്ന ഗാന്ധാരീവിലാപം കബന്ധങ്ങള്‍ക്കു നടുവില്‍ നിന്നായിരുന്നു. ഗാന്ധാരി ‘കൊല്ലിക്കയല്ലോ വിനോദം നിനക്ക്’ എന്ന് കൃഷ്ണനെ ശപിക്കുകയും ചെയ്തു. കുരുക്ഷേത്ര ഭൂമിയില്‍ ശവകുടീരത്തില്‍ നിന്ന് ഉയര്‍ന്ന ഗാന്ധാരീവിലാപം ഇന്ന് മണിപ്പൂരിലും ഹരിയാനയിലും വീണ്ടുമുയരുന്നത് ഹൃദയവേദനയോടെ നാം കേള്‍ക്കുന്നു. കേള്‍ക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. മണിപ്പൂരിലും ഹരിയാനയിലും മാത്രമല്ല, അതിനുമുമ്പേ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പശ്ചിമ ബംഗാളിലും ഝാര്‍ഖണ്ഡിലും പഞ്ചാബിലും ആന്ധ്രയിലും തെലങ്കാനയിലും കര്‍ണാടകയിലും ഗാന്ധാരീവിലാപങ്ങള്‍ ഉയര്‍ന്നു. രാമനവമിയുടെയും ഹനുമാന്‍ ജയന്തിയുടെയും ആഘോഷവേളയില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ടവരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു. അവരുടെ ഭവനങ്ങളിലേക്ക് അര്‍ധരാത്രിയില്‍ ബുള്‍ഡോസറുകള്‍ പാഞ്ഞടുത്തു. കെട്ടിടങ്ങളും കുടിലുകളും അരനിമിഷംകൊണ്ട് തകര്‍ത്തെറിഞ്ഞു. അനവധി മനുഷ്യര്‍ അഭയാര്‍ത്ഥികളായി പലായനം ചെയ്തു.
2002ല്‍ നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയും അമിത് ഷാ ആഭ്യന്തര മന്ത്രിയുമായിരിക്കുമ്പോള്‍ ഒരു മതവിഭാഗത്തില്‍പ്പിറന്ന രണ്ടായിരത്തോളം മനുഷ്യരെ വംശഹത്യാ പരീക്ഷണത്തിന്റെ ഭാഗമായി കൊന്നുതള്ളി. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞുങ്ങളെപ്പോലും തൃശൂലംകൊണ്ട് പിഴുതെടുത്ത് ചുട്ടുകരിച്ചു. അന്ന് നരേന്ദ്രമോഡി പറഞ്ഞു: ‘ഗുജറാത്ത് ഒരു പരീക്ഷണശാല മാത്രം. നാളെ ഗുജറാത്ത് ഇന്ത്യയില്‍ എവിടെയും ആവര്‍ത്തിക്കപ്പെടും.’ മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായപ്പോള്‍ ഈ വംശഹത്യാ പരീക്ഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ യുപിയിലും ഹരിയാനയിലും കര്‍ണാടകയിലും മധ്യപ്രദേശിലും വംശഹത്യാ പരീക്ഷണശാലകള്‍ ഒരുക്കുകയാണ് സംഘപരിവാര ഫാസിസ്റ്റുകള്‍.
ഇതുകൂടി വായിക്കൂ: വീണ്ടും മണിപ്പൂരിനെക്കുറിച്ച് തന്നെ
ഹരിയാനയിലെ ധൂമി പ്രദേശത്ത് അഴിഞ്ഞാടുന്ന സംഘപരിവാര ഫാസിസ്റ്റുകളുടെ മതഭീകരാക്രമണം 1992ലെ ബാബ്റി മസ്ജിദ് തകര്‍ച്ചയെ ഓര്‍മ്മിപ്പിക്കുന്നു. 464 വര്‍ഷക്കാലത്തെ പാരമ്പര്യമുണ്ടായിരുന്ന ബാബ്റി മസ്ജിദിനെ അഞ്ചര മണിക്കൂര്‍കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയ, മിനാരങ്ങളെ മണ്‍തരികളാക്കിയ വര്‍ഗീയ വംശവിദ്വേഷത്തെ അതിശക്തമായി എതിര്‍ത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.
ഇന്ന് മണിപ്പൂര്‍ കത്തിയമരുകയാണ്. മണിപ്പൂര്‍ ഇന്ത്യയുടെ രത്നനഗരിയാണ്. വജ്രലോകത്തിന്റെ സ്വപ്നനഗരിയാണ്. ആ സ്വപ്നനഗരിയില്‍ വിഭാഗീയതയുടെയും വിഭജനത്തിന്റെയും വംശീയ വിദ്വേഷത്തിന്റെയും അധമരാഷ്ട്രീയം പകര്‍ത്തുകയാണ്. സംഘപരിവാര ഫാസിസ്റ്റുകള്‍. തങ്ങള്‍ക്ക് മേല്‍ക്കയ്യുള്ള ഹിന്ദുഭൂരിപക്ഷ മെയ്തി വിഭാഗക്കാരെ ഒപ്പം നിര്‍ത്തുകയും ക്രിസ്ത്യന്‍ മതന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാന്‍ ഉദ്യമിക്കുന്നവരെ പിന്തുണയ്ക്കുകയുമാണ്.
ഇതുകൂടി വായിക്കൂ: ഗുജറാത്ത് ഒരു ഭീതിയും ഹിമാചല്‍ പ്രതീക്ഷയുമാണ്
സെെനിക കേന്ദ്രങ്ങളില്‍ നിന്നും പൊലീസ് ആസ്ഥാനങ്ങളില്‍ നിന്നും അയ്യായിരത്തോളം തോക്കുകളും അതിലേറെ ബോംബുകളും വിതരണം ചെയ്യുന്നവരുടെ ലക്ഷ്യമെന്താണ്?
മെയ്തി വിഭാഗം ഭൂരിപക്ഷം ഹിന്ദുക്കളാണ്. അവരുടെ സ്വാധീനം ബിജെപിക്ക് ആവശ്യമാണ്. കുക്കികള്‍ ക്രിസ്ത്യന്‍ മതവിശ്വാസികളാണ്. അവര്‍ മലയോരവാസികളും. അവരെ വേട്ടയാടിപ്പിടിക്കുന്നു ബിജെപി നിയന്ത്രിക്കുന്ന മെയ്തി പൗരോഹിത്യം. പക്ഷെ മെയ്തികളും വേട്ടയാടപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യം നാം മറന്നുകൂടാ. ഈ വംശഹത്യാ പരീക്ഷണത്തെ നാം ഒന്നായി എതിര്‍ക്കണം.
സംഘപരിവാര ഫാസിസ്റ്റുകള്‍ ഇന്ത്യയെ വിഭജിക്കുവാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഭാരതമാതാവിനെ ഹത്യ ചെയ്യുകയാണെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. ഉത്തരമില്ല. ഭരണപക്ഷ പ്രതിനിധിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ചുംബന രാഷ്ട്രീയത്തെക്കുറിച്ചാണ് പാര്‍ലമെന്റില്‍ പ്രതികരിച്ചത്. ചുംബനം വിട്ടുപോകുന്ന ഒന്നല്ല. പ്രണയത്തിന്റെയും ജീവിതത്തിന്റെയും അടയാളപത്രമാണ്. കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും പാര്‍ലമെന്റില്‍ യുക്തിഭദ്രമായി ഉയര്‍ത്തിയ നിലപാടുകളെ ചെറുക്കാനാവാതെ ബിജെപി എംപിമാര്‍ നിലംപറ്റിക്കിടന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിക്കുപോലും മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം പറയാനായില്ല.
ഇതുകൂടി വായിക്കൂ: മണിപ്പൂര്‍ ക്രൂരതയ്ക്കെതിരെ നാടൊന്നാകെ
മണിപ്പൂര്‍ പ്രതിരോധത്തിന്റെയും പ്രക്ഷോഭത്തിന്റെയും മണ്ണാണ്. എന്നിട്ടും ‘ഫ്ലയിങ് കിസിനെ‘ക്കുറിച്ചാണ് സ്മൃതി ഇറാനിമാര്‍ പാര്‍ലമെന്റില്‍ അലറുന്നത്. ആ ഫ്ലയിങ് കിസുകള്‍, ചുടുചുംബനങ്ങള്‍ ജനാധിപത്യത്തിന്റേതാണ്. സംഘപരിവാറിന്റെ ചുടുചുംബനങ്ങള്‍ ആത്മാഹൂതിയുടേതുകൂടിയാവും. കാത്തിരിക്കൂ, സൂക്ഷിക്കൂ; ആ ചുംബനങ്ങള്‍ വിഷഫണങ്ങളുടേതാണ്. ആ വിഷദംശനമേറ്റ് ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും മതനിരപേക്ഷബോധവും നിലംപറ്റാതിരിക്കട്ടെ. പാര്‍ലമെന്റില്‍ അലറുന്ന അമിത്ഷായും ഇതര സംഘപരിവാര ഫാസിസ്റ്റ് എംപിമാരും ഭാരതീയ സാംസ്കാരിക പെെതൃകത്തെ അമര്‍ച്ച ചെയ്യുകയാണ്. ആ അമര്‍ച്ചയില്‍ നിന്ന് ഇന്ത്യ ഉയരുകയാണ്, ഉണരുകയാണ്.
ഹരിയാനയിലും പള്ളികള്‍ തകര്‍ത്തു. വംശവിദ്വേഷം പലയിടങ്ങളില്‍ പടര്‍ത്തുകയാണ് സംഘപരിവാരം. ‘ഉയരുകയാണ്, ഉണരുകയാണ് ഇന്ത്യ ധൃഷ്ടഹസ്തകങ്ങളില്‍ നിന്ന്’