Site iconSite icon Janayugom Online

ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം; ബിജെപിക്കായി മത്സരിക്കാനില്ലെന്ന് ഗൗതം ഗംഭീര്‍

ബിജെപിക്കായി ഇനി മത്സരിക്കാനില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ലോക്സഭാ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ട് ബിജെപി എംപി ജയന്ത് സിൻഹയും രംഗത്തെത്തിയിട്ടുണ്ട്. ആ​ഗോള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി നേരിട്ടുള്ള തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പാർട്ടി അദ്ധ്യക്ഷൻ ജെ പി നദ്ദയോട് അഭ്യർത്ഥിച്ചതായി ഹസാരിബാഗിലെ എംപിയായ ജയന്ത് സിന്‍ഹ എക്സില്‍ കുറിച്ചു. സാമ്പത്തികവും ഭരണപരവുമായ വിഷയങ്ങളിൽ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്നും സിൻഹ വ്യക്തമാക്കി.

ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി രാഷ്ട്രീയ ചുമതലകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടതായി ബിജെപിയുടെ ഈസ്റ്റ് ഡൽഹി എംപി ഗൗതം ഗംഭീറാണ് ആദ്യം അറിയിച്ചത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉപദേശകനാണ് ഗംഭീർ. ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ ഗംഭീറിന് വീണ്ടും മത്സരിക്കാന്‍ ബിജെപി സീറ്റ് നല്‍കില്ല എന്ന അഭ്യൂഹം ശക്തമായിരുന്നു.2019 മുതല്‍ ഡല്‍ഹിയില്‍ ബിജെപിയുടെ പ്രധാന മുഖങ്ങളിലൊന്നായിരുന്നു ഗംഭീര്‍. 2019 മാര്‍ച്ച് 22നാണ് അന്നത്തെ ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഗംഭീര്‍ 695,109 വോട്ടുകളുമായി ലോക്സഭയിലെത്തി. രണ്ടാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അരവിന്ദര്‍ സിംഗ് ലവ്ലിയെക്കാള്‍ 391,224 വോട്ടുകളുടെ ഭൂരിപക്ഷം ഗംഭീര്‍ നേടി. എഎപിയുടെ അതിഷി മര്‍ലേന മൂന്നാംസ്ഥാനത്തായി. 

മറ്റ് പാര്‍ട്ടികളില്‍ നിന്നും ചാക്കിട്ടുപിടിച്ചവര്‍ക്കായി സീറ്റ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി മറ്റു ചില സിറ്റിങ് എംപിമാര്‍ക്കും സീറ്റ് നിഷേധിക്കപ്പെടുമെന്നാണ് സൂചന. ഇത് പാര്‍ട്ടിയില്‍ അസംതൃപ്തിക്ക് കാരണമായേക്കുമെന്നും വിലയിരുത്തലുകളുണ്ട്. പീഡന പരാതിയിൽ ആരോപണ വിധേയനായ ബ്രിജ് ഭൂഷനെ വീണ്ടും മത്സരിപ്പിക്കുന്നതിലടക്കം ബിജെപിയിൽ ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. അതിനിടെ സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും നിഷേധിച്ചു. താൻ ഗുരുദാസ് പൂരിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. തന്റെ ഫൗണ്ടേഷനിലൂടെ ജന സേവനം തുടരുമെന്നും യുവരാജ് സിങ് പറഞ്ഞു. ഗുരുദാസ് പൂരിൽ സണ്ണി ഡിയോളിന് പകരം യുവരാജ് സിങ് ബിജെപി സ്ഥാനാർത്ഥി ആകുമെന്നായിരുന്നു റിപ്പോർട്ടുകൾ. 

Eng­lish Summary:Focus should be on crick­et; Gau­tam Gamb­hir does not want to con­test for BJP
You may also like this video

Exit mobile version