Site iconSite icon Janayugom Online

ആലപ്പുഴ ചാരുംമൂട്ടിലെ ഭക്ഷണ അലമാര; ആയിരം ദിവസത്തിലേക്ക്

വിശക്കുന്ന വയറിന് ആശ്വാസമായി ചാരുംമൂട്ടിലെ ഭക്ഷണ അലമാര സജ്ജമായിട്ട് 28ന് ആയിരം ദിനങ്ങളിലേക്ക്. ചാരുംമുട് ജംഗ്ഷന് കിഴക്ക് വടക്കുഭാഗത്തായി കാണാം വിശക്കുന്നവർക്ക് ആശ്വാസമായി മുടങ്ങാതെ അന്നം നൽകുന്ന ഈ അലമാര. സി പി ഐ നേതാവും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗവും സാമൂഹിക പ്രവർത്തകനുമായ സിനൂഖാൻ മുൻ കൈയ്യെടുത്താണ്. 

ടൗണിന്റെ കിഴക്കുഭാഗത്തായി 2021 ൽ ഭക്ഷണ അലമാര സ്ഥാപിച്ചത്. എം എസ് അരുൺകുമാർ എംഎൽ എയായിരുന്നു ഉദ്ഘാടനം ചെയ്തത്. നിരാലംബരുൾപ്പെടെ വിശക്കുന്നവർക്ക് ഭക്ഷണമെത്തിച്ച് ആശ്വാസം പകരുകയായിരുന്നു ലക്ഷ്യം. ഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ സുമനസുകളുടെ കൂടി സഹായം തേടിയിരുന്നു. സംഘടനകളും, സ്ഥാപനങ്ങളും, വ്യക്തികളും, സുഹൃത്തുക്കളുമൊക്കെ ഓരോ ദിവസവും അലമാര നിറക്കാൻ ഭക്ഷണപ്പൊതികളുമായി എത്തുന്നുണ്ട്. 30 പൊതികളിൽ തുടങ്ങിയതാണ് ഭക്ഷണ അലമാര. ഇപ്പോൾ 150ലധികം ഭക്ഷണപ്പൊതികളാണ് ഈ അലമാരയിൽനിന്നു എല്ലാദിവസവും ഉച്ചക്ക് മുടങ്ങാതെ ഭക്ഷണം നൽകുന്നത്.

പൊതിച്ചോർ, വെള്ളം എന്നിവയാണ് അലമാരയിൽ ക്രമീകരിക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 നും ഒന്നിനും ഇടയിൽ ഭക്ഷണം അലമാരക്കുള്ളിൽ നിറയും. പൊതിച്ചോറാകും നൽകുന്നത്. ആർക്ക് വേണമെങ്കിലും ഭക്ഷണം ഇവിടെനിന്നു എടുക്കാം. ഇപ്പോൾ പിറന്നാൾ, വിവാഹം, ചരമവാർഷികം മറ്റ് വിശേഷദിനങ്ങളിയെല്ലാം മിക്കവരും ഭക്ഷണ അലമാരയിലേക്ക് ഭക്ഷണം നൽകി സഹായിക്കാറുണ്ടെന്നും സിനുഖാൻ പറയുന്നു. 28 ന് വൈകിട്ട് 4ന് സുഹൃത്തുക്കൾ ഒത്ത്ചേർന്ന് ആഘോഷ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

Exit mobile version