കേരളത്തില്‍ പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വകുപ്പിന്റെ ഊര്‍ജിത നടപടികള്‍ ആരംഭിച്ചു. ആന്ധ്രയില്‍ നിന്നും നേരിട്ട് അരി, മുളക് എന്നിവ ഇറക്കുമതി ചെയ്യുന്നതിനെ സംബന്ധിച്ച കാര്യങ്ങള്‍ ഇന്ന് തലസ്ഥാനത്ത് എത്തുന്ന ആന്ധ്രാപ്രദേശ് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി കെ പി നാഗേശ്വര റാവുമായി ചർച്ച നടത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. രണ്ടാഴ്ച മുന്‍പ് ആന്ധ്ര സര്‍ക്കാരുമായി സംസ്ഥാന ഭക്ഷ്യ മന്ത്രി നടത്തിയ ചര്‍ച്ചയുടെ ഭാഗമായിട്ടാണ് മന്ത്രി നാഗേശ്വര റാവു കേരളത്തിലെത്തുന്നത്. കേരളത്തിന് ആവശ്യമുള്ള ആന്ധ്രാ ജയ അരി ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ ചർച്ച ചെയ്യും. എത്ര ക്വിന്റല്‍ അരി, വില എന്നിവയും ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
രാവിലെ 10.30ന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ മന്ത്രിയുടെ അധ്യക്ഷതയില്‍ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ വച്ച് നടക്കുന്ന ചർച്ചയില്‍ ആന്ധ്രാപ്രദേശ് സിവില്‍ സപ്ലൈസ് കമ്മിഷണർ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആന്ധ്രാ മന്ത്രിയോടൊപ്പം പങ്കെടുക്കും. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷ ഐഎഎസ്, പൊതുവിതരണ വകുപ്പു കമ്മിഷണർ സജിത് ബാബു ഐഎഎസ്, സപ്ലൈകോ ചെയർമാന്‍ ആന്റ് മാനേജിങ് ഡയറക്ടർ സഞ്ജീവ് പട്ജോഷി ഐപിഎസ് എന്നിവർ ചർച്ചയില്‍ പങ്കെടുക്കും.
മുന്‍ഗണനേതര റേഷന്‍ കാര്‍ഡുടമകള്‍ക്ക് സ്പെഷ്യല്‍ അരി
കേരളത്തില്‍ പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബര്‍ ഒന്ന് മുതല്‍ കേരളത്തിലെ എല്ലാ മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡുടമകള്‍ക്കും എട്ട് കിലോ ഗ്രാം അരി സ്പെഷ്യലായി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. കൂടാതെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ ‘അരിവണ്ടി’ സംസ്ഥാനത്തെ 500ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കില്‍ നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നിവയിലേതെങ്കിലും ഒരിനം കാര്‍ഡ് ഒന്നിന് 10 കിലോ വീതം വിതരണം ചെയ്യും. ഒരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുന്നതെന്നും മന്ത്രി അറിയിച്ചു.
English Summary:Food Department to take strong measures to control rice prices
You may also like this video