Site iconSite icon Janayugom Online

സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുന്നത് തുടര്‍ച്ചയായ മൂന്നാം മാസം

വടക്കന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ പതിവാകുന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ് സ്കൂളില്‍ നിന്ന് ഭക്ഷ്യവിധബാധയേറ്റ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാകം ചെയ്യുന്ന ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഇന്നും സര്‍ക്കാര്‍ സ്കൂളിലെ നിരവധി കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആന്ധ്രയിലെ അന്നമയ്യ ജില്ലയിലെ തേകുലപാലം ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സര്‍ക്കാര്‍ സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ 15 ലധികം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചഭക്ഷണത്തില്‍ പല്ലി വീണതായും അതില്‍നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കുട്ടികളുടെ ആരോഗ്യനിലമെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം വിദ്യാര്‍ത്ഥികള്‍ പറഞ്ഞതുപോലെ ഭക്ഷണത്തില്‍ പല്ലിയുണ്ടായിരുന്നുവെന്ന് കണ്ടെത്താനായില്ലെന്നും വിശദമായ പരിശോധന നടത്തിയതായും സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചു.

നേരത്തെയും സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവങ്ങള്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒക്‌ടോബർ മാസത്തിന്റെ തുടക്കത്തിൽ, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നടത്തുന്ന സ്‌കൂളിലെ പതിനാറ് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ശേഷം ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് 16 വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിച്ചത്.

ഈ വർഷം സെപ്റ്റംബറിൽ, ബീഹാറിലെ ഒരു പ്രൈമറി സ്കൂളിലെ 50 ഓളം വിദ്യാർത്ഥികളെ ഉച്ചഭക്ഷണം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മതിയായ ആശുപത്രി സൗകര്യങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നത്, അപകടത്തിന്റെ ആക്കം കൂട്ടുന്നുവെന്ന് വിമര്‍ശനങ്ങളുണ്ട്. നിലവില്‍ ഒരു കിടക്കയില്‍ നിരവധി രോഗികളെ കിടത്തി ചികിത്സിക്കുന്ന അവസ്ഥയാണ് ഇത്തരം ആശുപത്രികളിലുള്ളത്. ആരോഗ്യസംവിധാനങ്ങള്‍ മോശമാകുന്നതും ഇത്തരം സംഭവങ്ങള്‍ അടിക്കടിയുണ്ടാകുന്നതും വിദ്യാര്‍ത്ഥികളുടെ അവസ്ഥ കൂടുതല്‍ ദുരിതത്തിലാക്കുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍.

Eng­lish Sum­ma­ry: Food poi­son in gov­ern­ment schools

You may also like this video

Exit mobile version