Site iconSite icon Janayugom Online

രാജ്യത്ത് ഭക്ഷ്യോല്പന്ന വില കുതിക്കുന്നു

രാജ്യത്ത് ഭക്ഷ്യോല്പന്ന വിലക്കയറ്റ നിരക്ക് ഒരു വര്‍ഷത്തിനിടയില്‍ ഇരട്ടിയോളമായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയിലാണ് വിലക്കയറ്റം കൂടുതല്‍ രൂക്ഷമായത്. 2021 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച്, 3.94ല്‍ നിന്ന് 8.04 ശതമാനമായാണ് ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ ഭക്ഷ്യോല്പന്ന വിലപ്പെരുപ്പം വര്‍ധിച്ചത്. ഗ്രാമീണ മേഖലയില്‍ ഉപഭോക്തൃ വില സൂചികയും സമാനമായി 4.61 ശതമാനത്തില്‍ നിന്ന് 7.66 ശതമാനമായി വര്‍ധിച്ചു.

ഭക്ഷ്യോല്പന്നങ്ങളുടെ വില വര്‍ധനവ് രാജ്യത്ത് വരും മാസങ്ങളില്‍ എല്ലാ മേഖലയിലുമുള്ള വിലക്കയറ്റത്തിന് കാരണമാകും. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ചൊവ്വാഴ്ച പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക(സിപിഐ)യിലാണ് ആശങ്കാജനകമായ വിവരങ്ങളുള്ളത്.
ഗ്രാമീണ മേഖലയില്‍ ഭക്ഷ്യ വിലക്കയറ്റം ഫെബ്രുവരിയിലെ 5.81 ശതമാനത്തില്‍ നിന്ന് മാര്‍ച്ച് മാസത്തില്‍ കുത്തനെ വര്‍ധിച്ച് 8.04 ശതമാനമായി. രാജ്യത്തെ ചില്ലറ വ്യാപാര മേഖലയിലെ നാണ്യപ്പെരുപ്പവും ഫെബ്രുവരി മാസത്തിലെ 5.85 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 6.95 ശതമാനമായി വര്‍ധിച്ചു.

ഒരു വര്‍ഷക്കാലത്തിനിടയില്‍ എണ്ണ, കൊഴുപ്പ് ഇനങ്ങളിലാണ് ഏറ്റവുമധികം വില വര്‍ധനവുണ്ടായത്. 2021 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 18.79 ശതമാനം വര്‍ധനവാണ് ഈ വിഭാഗത്തിലുണ്ടായത്. പച്ചക്കറി ഉല്പന്ന വിലയില്‍ 11.64 ശതമാനവും ഇറച്ചി, മത്സ്യം തുടങ്ങിയവയില്‍ 9.63 ശതമാനവും വില ഉയര്‍ന്നു.

Eng­lish Summary:Food prices are ris­ing in the country
You may also like this video

Exit mobile version