ഭക്ഷ്യസുരക്ഷാവകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ ബോധവല്‍ക്കരണ സെമിനാറിന്റെയും ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനം ലോക ഭക്ഷ്യസുരക്ഷാ ദിനത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ നിയോജക മണ്ഡലത്തില്‍ ഒന്ന് എന്ന കണക്കിനാണ് ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരുള്ളത്. ഇത് വിപുലീകരിക്കാന്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക എന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. 14 ജില്ലകളിലും മൊബൈല്‍ ലബോറട്ടികള്‍ സജ്ജമാക്കി. ലാബ് സംവിധാനം ശക്തിപ്പെടുത്തല്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും.
ആരോഗ്യ രംഗത്ത് കേരളം ഏറെ മുന്നിലാണെങ്കിലും ജീവിതശൈലീ രോഗങ്ങള്‍ വെല്ലുവിളിയാണ്. ഇതിനു പരിഹാരമായി 30 വയസിന് മുകളിലുള്ളവര്‍ക്ക് വാര്‍ഷികാരോഗ്യ പരിശോധന നടത്തി വരുന്നു. താഴെത്തട്ടില്‍ തന്നെ ആരോഗ്യം ഉറപ്പാക്കാനാണ് ജനകീയ പങ്കാളിത്തത്തോടെ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കുന്നതില്‍ ആഹാരത്തിന് വലിയ പ്രധാന്യമാണുള്ളത്. ഭക്ഷ്യസുരക്ഷ എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഈറ്റ് റൈറ്റ് കേരള എന്ന മൊബൈല്‍ ആപ്പിലൂടെ നിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയും.
നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിങ് പൂര്‍ത്തിയാക്കി ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്. കൂടുതല്‍ സ്ഥാപനങ്ങള്‍ ഹൈജീന്‍ റേറ്റിങ് നടത്തി നിലവാരം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി. ‘ഭോഗ്’ പദ്ധതി പ്രകാരം സര്‍ട്ടിഫിക്കേഷന്‍ നേടിയ ആരാധനാലയങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ജോയിന്റ് കമ്മിഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മിഷണര്‍ മഞ്ജുദേവി, ദക്ഷിണറെയില്‍വേ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
English Summary: veena george said that food safety enforcement activities will be strengthened
You may also like this video