Site iconSite icon Janayugom Online

സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും ഭക്ഷ്യസുരക്ഷാ പരിശോധന തുടരും

സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും ഭക്ഷ്യസുരക്ഷാ പരിശോധന തുടരും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പരിശോധനകൾക്ക് നിർദേശം ലഭിക്കാത്തതിനാൽ ഭക്ഷ്യ സുരക്ഷാ വിഭാഗം ഒറ്റയ്ക്കാണ് പ്രവർത്തനം. പരാതികളുള്ള സ്കൂളുകൾ കേന്ദ്രീകരിച്ചാകും പരിശോധന.

മിക്ക സ്കൂളുകളിലും ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ ഇല്ലെന്നാണ് കണ്ടെത്തൽ. കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായ സ്കൂളുകളിലെ പരിശോധനാ ഫലം കിട്ടാൻ മൂന്ന് ദിവസം കൂടി വേണ്ടി വരും. ഇതോടൊപ്പം ഹോട്ടലുകളിലേയും മത്സ്യ മാർക്കറ്റുകളിലേയും പരിശോധനയും തുടരാനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.

മൂന്ന് സ്കൂളികളിൽ ഉച്ചഭക്ഷണം കഴിച്ച വിദ്യാ‍ർത്ഥികൾ ചികിത്സ തേടിയതിന്റെ പശ്ചാത്തലത്തിൽ പരിശോധനക്കായി മന്ത്രിമാർ തന്നെ ഇന്നലെ സ്കൂളുകളിൽ നേരിട്ടെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തും ഭക്ഷ്യമന്ത്രി ജി ആർ അനിൽ കോഴിക്കോട്ടുമാണ് സന്ദർശനം നടത്തിയത്. രണ്ട് മന്ത്രിമാരും ഉച്ചയ്ക്ക് വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിച്ചു.

കോഴിക്കോട് സിവിൽ സ്റ്റേഷൻ യുപി സ്കൂളിലെത്തിയ ഭക്ഷ്യമന്ത്രി, പാചകപ്പുരയിലെ ശുചിത്വം പരിശോധിച്ചു. ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരവും പരിശോധിച്ച മന്ത്രി, ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്ന് പാചകത്തൊഴിലാളികൾക്ക് നിർദ്ദേശവും നൽകി. കഴിഞ്ഞ ദിവസത്തേത്ത് ഭക്ഷ്യവിഷബാധയല്ലെന്നാണ് പ്രാഥമിക നിഗമനം.

പഴകിയ ധാന്യങ്ങളെന്ന ആരോപണമുയർന്നതിനാൽ കാലപ്പഴക്കമുൾപ്പെടെ പരിശോധിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് പുറത്തുവിടുമെന്നാണ് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പ്രതികരിച്ചത്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്താൻ രക്ഷിതാക്കളുടെതുൾപ്പെടെയുളള ജനകീയ ഇടപെടലും വേണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

തലസ്ഥാനത്തെ സ്കൂളുകളിലായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പരിശോധന. വരുംദിവസങ്ങളിൽ സംസ്ഥാനത്തെ സ്കൂളുകളിൽ മിന്നൽ പരിശോധന തുടരും.

Eng­lish summary;Food safe­ty inspec­tions will con­tin­ue today in schools across the state

You may also like this video;

Exit mobile version